ടൂറിസം, സഹകരണ മേഖലയില്‍ 5 ലക്ഷം തൊഴില്‍


അടുത്ത അഞ്ചുവര്‍ഷം വിനോദസഞ്ചാര മേഖലയിലും സഹകരണസംഘങ്ങളുടെ സംരംഭങ്ങള്‍വഴിയും അഞ്ചുലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. സഹകരണ സംഘങ്ങളിലെ നിക്ഷേപം പ്രയോജനപ്പെടുത്തി ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സംസ്ഥാനത്ത് 11,000 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനസജ്ജമാണ്. ഇവയില്‍ സാമ്ബത്തികശേഷിയുള്ള സംഘങ്ങള്‍ സ്വന്തമായി തൊഴില്‍ദായക സംരംഭങ്ങള്‍ സൃഷ്ടിക്കുകയോ തൊഴില്‍രഹിതരുടെ സംരംഭങ്ങള്‍ക്ക് സഹായം ചെയ്യുകയോ ആണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.


വിനോദസഞ്ചാര മേഖലയില്‍ നാലുലക്ഷം പുതിയ തൊഴില്‍ അവസരം പ്രതീക്ഷിക്കുന്നു. സേവനദാതാക്കളുടെ എണ്ണം കൂട്ടുന്നതും പശ്ചാത്തല സൌകര്യം വര്‍ധിപ്പിക്കുന്നതും ഇതിന് സഹായകമാകും.


അഷ്ടമുടിക്കായലിലും മലബാര്‍ മേഖലയിലും 500 ഹൌസ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍കൈ എടുക്കും. പുതിയ 1000 ഹോം സ്റ്റേ ലക്ഷ്യമിടുന്നു. വിനോദസഞ്ചാര വകുപ്പിന്റെ സംരംഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കും. ഇതര വകുപ്പുകളുമായി സഹകരിച്ച്‌ സാഹസിക ടൂറിസം വ്യാപിപ്പിക്കും. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത പദ്ധതികളായിരിക്കും നടപ്പാക്കുക. കൊച്ചി ബിനാലെ വികസിപ്പിക്കും. ലോകത്താകെയുള്ള കലാകാരന്മാരുടെ സംഗമവേദിയായി കൊച്ചിയെ മാറ്റും.

ഉത്തരവാദ വിനോദസഞ്ചാരം വ്യാപിപ്പിക്കും. സുഗന്ധവ്യഞ്ജന പാതയിലെ 31 രാജ്യങ്ങളുടെ വിനോദസഞ്ചാര മേഖലയില്‍ സഹകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. തലശേരി പൈതൃക പദ്ധതിയുടെ അടുത്തഘട്ടം തുടങ്ങും. നിളയിലൂടെ സാംസ്കാരിക യാത്ര എന്ന പേരില്‍ പദ്ധതി ആരംഭിക്കും. അഞ്ചുവര്‍ഷം തദ്ദേശ സഞ്ചാരികളില്‍ 50 ശതമാനവും വിദേശ സഞ്ചാരികളില്‍ 100 ശതമാനവും വര്‍ധന പ്രതീക്ഷിക്കുന്നു. ഇടുക്കി, വയനാട്, ബേക്കല്‍ എയര്‍ സ്ട്രിപ്പുകളുടെ നിര്‍മാണത്തിന് നടപടികള്‍ തുടങ്ങി. വിദേശരാജ്യങ്ങളില്‍നിന്ന് ചാര്‍ട്ടേഡ് വിമാനസൌകര്യം ഒരുക്കുന്നത് പരിഗണനയിലാണ്. ആഭ്യന്തര സര്‍വീസില്‍ അടക്കം കൂടുതല്‍ സാധ്യതകള്‍തേടി വിമാനക്കമ്ബനികളുമായി ചര്‍ച്ച നടത്തും.



Sharing is Caring