ദില്ലി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് ലഭിച്ചു. എഎപി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണു റിപ്പോര്‍ട്ടു തയാറാക്കി സമര്‍പ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലെ ബിജെപി ഓഫിസിനു മുന്നില്‍ നടത്തിയ പ്രകടനം പെരുമാറ്റചട്ട ലംഘനമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ മറുപടിയായി എഎപി നല്‍കിയ വിശദീകരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന്റെ അതൃപ്തിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എഎപി മറുപടി നല്‍കിയത്. അരവിന്ദ് കേജരിവാളിനെ ഗുജറാത്തില്‍ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പെട്ടന്നുണ്ടായ പ്രതികരണമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണു പാര്‍ട്ടി വിശദീകരിച്ചിരുന്നത്.