കസ്തൂരി രംഗന്‍: കരട് വിജ്ഞാപനത്തിന് അനുമതി

ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് അനുമതി നല്‍കി. കരട് വിജ്ഞാപനത്തിന്മേല്‍ പരാതികളും അഭിപ്രായങ്ങളും അറിയിക്കാന്‍ ചട്ടപ്രകാരമുള്ള 60 ദിവസത്തെ കാലാവധിക്കു ശേഷമാകും അന്തിമ വിജ്ഞാപനം.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പാടില്ലന്ന നിര്‍ദേശത്തോടെയാണു കരട് വിജ്ഞാപനത്തിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം കൂടി വേണമെന്നതിനാല്‍ ഫലത്തില്‍ ഇതുമൂലം മറ്റു തടസങ്ങളില്ലാതായി. ഹിന്ദി പരിഭാഷ അടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ കരട് വിജ്ഞാപനം പുറത്തിറക്കുമെന്നു പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.