ഇരുകാലുകളും നഷ്ടപ്പെടാവുന്ന അത്യപൂർവ രോഗത്തെ അതിജീവിച്ച് യുവതി

തിരുവനന്തപുരം: രക്തക്കുഴലുകളെ സാരമായി ബാധിക്കുന്ന സിസ്റ്റെമിക് സ്കേളോറോസിസ് ബാധിച്ച് വലത് കാൽ നഷ്ടമായ തിരുവനന്തപുരം സ്വദേശിനി തിരികെ ജീവിതത്തിലേയ്ക്ക്. ഈ അപൂർവ രോഗം ബാധിച്ച് മാസങ്ങൾക്ക് മുൻപാണ് മുപ്പത്തിയാറു വയസുകാരിയായ യുവതിയുടെ വലത് കാൽ മുറിച്ച് മാറ്റിയത്. എന്നാൽ മുറിവിൽ പഴുപ്പ് നിറയുന്ന അവസ്ഥയിലെത്തുകയും ഇടത് കാൽ കൂടി മുറിച്ചുമാറ്റേണ്ടി വരുമെന്ന സ്ഥിതിയിലെത്തുകയും ചെയ്യ്തപ്പോഴാണ് തിരുവനന്തപുരം കിംസ്ഹെൽത്തിൽ എത്തുന്നത്. അതികഠിനമായ വേദനയാൽ ക്ഷീണിതയായി വേദനസംഹാരികൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് വിദഗ്ദ്ധ സഹായം തേടിയത്. ജനറൽ ആൻഡ് മിനിമൽ ആക്സസ് സർജറി വിഭാഗം കൺസൽട്ടൻറ് ഡോ. ഫിറോസ് ഖാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ നാല് മാസത്തോളം നീണ്ട് നിന്ന ചികിൽസിയിലൂടെയാണ് മുറിവ് ഭേദമാക്കിയത്.

കിംസ്ഹെൽത്ത് സന്ദർശിക്കുന്നതിനു മുൻപ് വർഷങ്ങളായി ഇവർ സിസ്റ്റമിക്ക് സ്ക്ലീറോസിസ് രോഗത്തിന്റെ ചികിത്സയിലായിരുന്നു, ശരീരത്തിലെ പ്രതിരോധ സംവിധാനം അതിൻ്റെ തന്നെ കോശങ്ങളെ, പ്രത്യേകിച്ച് ചർമ്മത്തെയും ആന്തരികാവയവങ്ങളിലെ രക്തക്കുഴലുകളെയും നശിപ്പിക്കുകയും തന്മൂലം കൈകാലുകൾ, ആന്തരികാവയവങ്ങൾ തുടങ്ങിയവ കേടായിപ്പോകുകയും ചെയ്യുന്ന അവസ്ഥയാണിത്. കിംസ്ഹെൽത്തിലെ റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് .എസ്, രോഗിയിൽ നടത്തിയ പരിശോധനയിലാണ് രക്തക്കുഴലുകൾ അടഞ്ഞു പോകുന്ന മീഡിയം വെസൽ വാസ്കുലിറ്റിസ് അവസ്ഥ ആണെന്ന് കണ്ടെത്തുന്നത്. തുടർന്ന് ഇമ്മ്യൂണോ സപ്പ്രസെന്റ് മെഡിക്കേഷൻസ് ഉൾപ്പെടുന്ന പ്രതിമാസ കുത്തിവയ്പ്പ് ആരംഭിക്കുകയും ഈ കാലയളവിൽ കാലിലെ മുറിവ് ഉണക്കി എടുക്കുകയും ചെയ്യ്തു. പെയിൻ മെഡിസിൻ വിഭാഗം കൺസൽട്ടൻറ്, ഡോ. വിനീത ജി. ഗോപാലിൻ്റെ ലമ്പാർ സിമ്പതെറ്റിക്‌ നേർവ് ബ്ലോക്ക് ചികിത്സയും വേദന സംഹാരികളുമാണ് അതികഠിനമായ വേദനയ്ക്ക് വിടുതൽ നൽകിയത്.

തുടർച്ചയായ ചികിത്സ കൊണ്ട് മാത്രമേ ഈ അപൂർവ രോഗാവസ്ഥ നിയന്ത്രിക്കാൻ പറ്റുകയുള്ളൂവെന്നും റുമറ്റോളജി, സർജറി, പെയിൻ മെഡിസിൻ, റിഹാബിലിറ്റേഷൻ മെഡിസിൻ തുടങ്ങി വിവിധ സംവിധാനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുവെന്ന് ഡോ. ഫിറോസ് ഖാൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *