ചിറ്റൂരിൽ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഓലമേഞ്ഞ വീട് കത്തിനശിച്ചു


പാലക്കാട്: ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗറില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തിനശിച്ചു. കരകരക്കളം ഓമനയുടെ (55) വീടാണ് അഗ്‌നിക്കിരയായത്.


തീപിടിത്തത്തിനിടെ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല. സമീപത്തുകൂടെ പോകുന്ന 11 കെ.വി. വൈദ്യുതലൈനില്‍ നിന്ന് തീപ്പൊരി വീണതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമികനിഗമനം.കഴിഞ്ഞ ദിവസം വൈകീട്ടണ് സംഭവം. ഓമനയും മകന്‍ സുബ്രഹ്മണ്യനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ എട്ടുമണിയോടെ ഇരുവരും ജോലിക്ക് പോയിരുന്നു. പുകയുയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടയിലാണ് പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചത്. അടുത്തൊന്നും വീടുകള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.


അലമാര, ടി.വി. തുടങ്ങിയവയും സ്ഥലത്തിന്റെ ആധാരമുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും കത്തിനശിച്ചു.

ചിറ്റൂര്‍ അഗ്‌നിരക്ഷാസേന അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. സത്യപ്രകാശ്, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. പുഷ്പരാജ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ ജി.കെ. ബിജുകുമാര്‍, ആര്‍. സുജീഷ്, കെ. സനോജ്, ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.



Sharing is Caring