ഹൈദരാബാദ്: ഐക്യ ആന്ധ്ര എന്ന ആവശ്യത്തില്‍ അടിയുറച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരിണ്‍ കുമാര്‍ റെഡ്ഡി. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം മത്സര രംഗത്ത് ഇറങ്ങാനാണ് തീരുമാനമെന്നും അദേഹം പറഞ്ഞു.
തെലുങ്കാന സംസ്ഥാന രൂപികരണത്തിനു ശേഷമാണ് കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. ആന്ധ്രാപ്രദേശിനെ വിഭജിച്ച നടപടിക്കെതിരെ സുപ്രീംകോടതിയില്‍ കിരണ്‍കുമാര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. ജൂണ്‍ രണ്ടിനാണ് തെലുങ്കാന സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശില്‍ നടക്കുന്നത്. നിയമസഭയിലെക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ പുതിയ സംസ്ഥാന രൂപീകരണത്തിനു ശേഷം അതാതു പ്രദേശത്തേ എംഎല്‍എമാരായി മാറുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. സമ്പത്ത് പറഞ്ഞു.