ഡാമുകളുടെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു

സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതി വിലയിരുത്താൻ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കെഎസ്ഇബി ചെയർമാനും ഡയറക്ടർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ 11 ഡാമുകൾക്ക് റെഡ് അലേർട്ട് തുടരുകയാണ്.

അതേസമയം കല്ലാർ ഡാം തുറന്നു. രണ്ട് ഷട്ടറുകൾ 10 സെന്‍റീ മീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

രാവിലത്തെ കണക്ക് പ്രകാരം കല്ലാർ ഡാമിലെ ജലനിരപ്പ് 824.2 അടിയാണ്. 824.480 അടിയാണ് ഡാമിന്‍റെ പൂ​ർ​ണ​ സം​ഭ​ര​ണ​ശേ​ഷി. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയിൽ എത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നില്ലെന്നും റിപ്പോർട്ട് ഉണ്ട്. രണ്ടു ദിവസമായി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും ജല സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് മഴ വ്യാപകമാകാൻ കാരണമായത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിൽ ശക്തമായ മഴയുണ്ടാവില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *