ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്‌

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ് ഷാജര്‍, മുസ്തഫയും ചേർന്നു ആരംഭിച്ച അഗ്വാ ഇന്ത്യ മേളയില്‍ ദിവസേന 10000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. 20 കിയോസ്‌കുകളിലൂടെ 30 തൊഴിലാളികളെ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വത്ര വെള്ളം, എല്ലാവര്‍ക്കും കുടിവെള്ളം -അതാണ് മുഹമ്മദ് ഷാജറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഗ്വാ ഇന്ത്യ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തും വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ശുദ്ധമായ കുടിവെള്ളം കിട്ടാന്‍ നേരിട്ട പ്രയാസങ്ങളില്‍നിന്നാണ് ഷാജര്‍ ഇത്തരമൊരു സംരംഭത്തെക്കുറിച്ചു ചിന്തിച്ചത്.

കുടിവെള്ളവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യുടെ ദൗത്യം. കുടിവെള്ളം വിലമതിക്കാനാത്ത വിഭവമാണ്. അത് ശുദ്ധീകരിച്ച്, ശേഖരിച്ച് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യയുടെ ഉദ്ദേശ്യമെന്ന് മുഹമ്മദ് ഷാജര്‍ പറഞ്ഞു.

കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചു സ്റ്റാര്‍ട്ട് അപ്പിന്റെ പ്രോട്ടോ ടൈപ്പ് പരീക്ഷിച്ചത്. ആദ്യ മൂലധനം സമാഹരിക്കുന്നതിനും ആ പരീക്ഷണം സഹായിച്ചു. കിടിവെള്ളം അവശ്യ വസ്തുവായതും ഇത്തരമൊരു ഏകീകൃത സംവിധാനത്തിന്റെ അഭാവവും അഗ്വാ ഇന്ത്യയുടെ സ്വീകാര്യതക്ക് ആക്കം കൂട്ടി.

വാട്ടര്‍ ഗാലണ്‍, പ്യൂരിഫയറുകള്‍, വാട്ടര്‍ ടാങ്കറുകള്‍, വാട്ടര്‍ ബാങ്കുകള്‍, പാനീയങ്ങള്‍ തുടങ്ങി സകല കുടിവെള്ള സ്രോതസ്സുകളും ഒരു കുടക്കീഴില്‍ അഗ്വ ഇന്ത്യ ലഭ്യമാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയാണ് അഗ്വാ ഇന്ത്യ ഉപയോഗിക്കുന്നത്.

പണ്ടൊക്കെ വേനലില്‍ നമ്മള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അതല്ല സ്ഥിതി വരള്‍ച്ചയിലും പ്രളയത്തിലും നല്ല വെള്ളം ലഭിക്കുന്നില്ല. നമ്മുക്ക് മഴ ധാരാളം കിട്ടുന്ന പ്രദേശമാണ്. അവിടെ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ബാങ്കുകള്‍ എന്ന ആശയമാണ് ഞങ്ങളുടെ അടുത്ത പദ്ധതി. മഴ വെള്ള സംഭരണം പരമാവധി പ്രോഹത്സാഹിപ്പിക്കുകയും അത് ശുദ്ധീകരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയുമാണ് പരിപാടി.

മഴവെള്ളം ശേഖരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കും. ഇത്തരം പദ്ധതികളിലൂടെയല്ലാതെ നാം നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മുഹമ്മദ് ഷാജര്‍ ചൂണ്ടിക്കാണിക്കുന്നു.

അഗ്വാ ഇന്ത്യ കൊച്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഓരോ നഗരത്തിലും 100-ലധികം വെണ്ടര്‍മാരുണ്ട്. താമസിയാതെ മറ്റ് മെട്രോ നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ അഗ്വാ ഇന്ത്യ ലക്ഷ്യമിടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *