സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതികള്‍ക്ക് സഹായം നല്‍കിയവരേയും, ഗൂഢാലോചനയില്‍ പങ്കെടുത്തവരേയും കണ്ടെത്താനാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുക. മൂന്ന് ദിവസത്തിനുള്ളില്‍ ഇറക്കുമെന്ന് പൊലീസ് അറിയിച്ചു.

ആറ് പേരുടെ ലുക്ക്ഔട്ട് നോട്ടീസാണ് പുറത്തിറക്കുക. 12 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം കൊല നടന്ന് ഒരു മാസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതുവരെ മൂന്ന് പേരെ മാത്രമാണ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്.

നവംബര്‍ 15 നായിരുന്നു പാലക്കാട് മമ്പ്രത്ത് വെച്ച് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ വരികയായിരുന്ന സ്ഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ അന്വേഷണം നേരായ വഴിക്കല്ല നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് അലംഭാവം കാണിക്കുകയാണ്. ഗൂഡാലോചന പുറത്ത് കൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തന്നെ വേണമെന്നാണ് ആവശ്യം. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *