കൊട്ടാരക്കരയില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തർക്കത്തിൽ അഭിഭാഷകന് വെടിയേറ്റു


കൊല്ലം : കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. പുലമണ്‍ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. തോളെല്ലില്‍ വെടിയേറ്റ അഭിഭാഷകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും. അയല്‍ക്കാരനും അഭിഭാഷകന്റെ കുടുംബവും തമ്മില്‍ മുന്‍പും പ്രശ്‌നമുണ്ടായിരുന്നു. വീട് കയറി മുകേഷിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായിരുന്നു. ഏത് സാഹചര്യത്തിലാണ് അയല്‍വാസി തോക്കുമായി എത്തിയതെന്ന് വ്യക്തമല്ല.


ഇയാള്‍ക്കൊപ്പം സംഭവസമയം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അയല്‍വാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.



Sharing is Caring