തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ രക്ഷപെടുത്തി മെഡിക്കല്‍ സംഘം

അങ്കമാലി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലുവയസുള്ള കുട്ടിയെ രക്ഷപെടുത്തി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം. അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം തിരികെ വരുന്നതിനിടെയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുവയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ കുട്ടിയുടെ തലയോട്ടി പിളര്‍ന്ന് തലച്ചോറിന്റെ ഒരു ഭാഗം പുറത്തേക്ക് വന്നു. വാഹനത്തില്‍ കുടുങ്ങിപ്പോയ കുട്ടിയുടെ മുറിവില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുകയും മണല്‍, ചരല്‍, മുടി തുടങ്ങിയവ മുറിവില്‍ കയറുകയും ചെയ്തിരുന്നു. നാലു മണിക്കൂര്‍ നീണ്ട ക്രനിയോട്ടമി പ്രൊസീജ്യര്‍ വഴിയാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

അപകടത്തിന്റെ തീവ്രത കുട്ടിയെ ഗുരുതരാവസ്ഥയിലാക്കിയിരുന്നെന്നും വളരെ ശ്രദ്ധയോടെ നടത്തിയ ശസ്ത്രക്രിയയും ചികിത്സയും കാരണമാണ് കുട്ടിയെ രക്ഷിക്കാനായതെന്നും അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ന്യൂറോ സര്‍ജന്‍ ഡോ. തരുണ്‍ കൃഷ്ണ പറഞ്ഞു. അപകടാവസ്ഥയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ആദ്യം മുറിവില്‍ നിന്നുള്ള രക്തസ്രാവം നിയന്ത്രിക്കുകയും മലിനമായ ടിഷ്യൂകള്‍ നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് ഒടിഞ്ഞതും ഉള്ളിലേക്ക് നീങ്ങിയതുമായ അസ്ഥികള്‍ ഉയര്‍ത്തുകയും മസ്തിഷ്‌ക കോശങ്ങളും രക്തക്കട്ടയും തലച്ചോറില്‍ നിന്ന് നീക്കംചെയ്തു. ടൈറ്റാനിയം മിനി പ്ലൈറ്റുകളും സ്‌ക്രൂകളും ഉപയോഗിച്ച് തലയോട്ടിയിലെ മുറിവ് ഉയര്‍ത്തി കൂട്ടിയോജിപ്പിച്ചു. ന്യൂറോ സര്‍ജിക്കല്‍ പ്രൊസീജ്യര്‍ പൂര്‍ത്തിയായതോടെ ഞങ്ങളുടെ പ്ലാസ്റ്റിക് സര്‍ജന്‍ തലയോട്ടിയിലെ മുറിവ് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ശരിയാക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീനിയര്‍ കണ്‍സള്‍ട്ടന്റ്, ന്യൂറോസര്‍ജന്‍ ഡോ. തരുണ്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്ലാസ്റ്റിക് റീ കണ്‍സ്ട്രക്ഷന്‍, ഏസ്തറ്റിക് ആന്‍ഡ് ഹാന്‍ഡ് സര്‍ജറി ഡോ. ആദിത്യ രംഗരാജന്‍, ന്യൂറോഅനസ്‌തേഷ്യോളജിസ്റ്റ് ഡോ. പ്രശാന്ത് എ. മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

പരിക്കിന്റെ തീവ്രതയും ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളും അതിജീവിച്ച കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ശസ്ത്രക്രിയാനന്തര പരിചരണവും കുട്ടിയുടെ തുടര്‍പുരോഗതി മെഡിക്കല്‍ സംഘം ഉറപ്പാക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *