തൃശൂരില്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ വിശ്വാസികളുടെ കൂട്ടത്തല്ല്


തൃശൂര്‍ മുരിയാട് എംപവര്‍ ഇമാനുവേല്‍ ധ്യാനകേന്ദ്ര വിശ്വാസികള്‍ സഭാബന്ധ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ആക്രമിച്ചതായി പരാതി. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തില്‍ ഷാജിയ്ക്കും കുടുംബത്തിനുമാണ് മര്‍ദനമേറ്റത്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ധ്യാന കേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വിശ്വാസിയായ ഒരു സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഷാജിയും കൂട്ടരും പ്രചരിപ്പിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് വിശ്വാസികള്‍ പറയുന്നു.


വടികളും കമ്പുകളും ഉപയോഗിച്ച് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കുടുംബത്തെ ആക്രമിച്ചതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിശ്വാസം ഉപേക്ഷിച്ച ഷാജിയേയും കുടുംബത്തിന്റെയും വാഹനം തടഞ്ഞായിരുന്നു ആക്രമണം. അറുപതിലധികം സ്ത്രീകളാണ് കുടുംബത്തെ ആക്രമിച്ചത്.ഷാജിക്ക് നേരെ ചെരുപ്പുകള്‍ വലിച്ചെറിയുകയും വസ്ത്രം പിടിച്ച് പറിച്ച് അധിക്ഷേപിക്കുന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ചിലര്‍ ഷാജിക്കുനേരെ പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചു.


ഇന്നലെ വൈകീട്ടാണ് ധ്യാനകേന്ദ്രത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. ഷാജി, മക്കളായ സാജന്‍, ഷാരോണ്‍, സാജന്റെ ഭാര്യ ആഷ്‌ലിന്‍, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ആക്രമണം നടത്തിയ ചില സ്ത്രീകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷം ആരംഭിച്ചു.



Sharing is Caring