പത്തൊമ്പതുകാരനായ ദളിത് യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്ക് പോയ പിതാവാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുൽത്താൻപൂരിലെ ബാഗ്‌രാജ്പൂർ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ ആണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്.

പത്തൊമ്പതുകാരനായ ദീപക് എന്ന ദളിത് യുവാവാണ് മരിച്ചത്. ഗുഡ്സ് ട്രെയിന്‍ തട്ടി മരിച്ച ദീപക്കിന്‍റെ മൃതദേഹം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒരു ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ ഉടനെ തിരികെയെത്താം എന്നറിയിച്ചാണ് മകന്‍ വീടുവിട്ടിറങ്ങിയതെന്ന് ദീപക്കിന്‍റെ പിതാവ് വിജയ് പറയുന്നു. അല്‍പ്പസമയം കഴിഞ്ഞ് വിജയ് പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് മകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മകനെ രണ്ട് പേര്‍ ചെന്ന് കൊലപ്പെടുത്തിയതാണെന്നാണ് വിജയ് ആരോപിക്കുന്നത്. ബാഗ്‌രാജ്പൂർ പ്രദേശത്തെ നരേന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ക്ക് തന്റെ മകനുമായി ശത്രുതയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും മകനെ കള്ളക്കേസില്‍ കുടുക്കി. കേസിലകപ്പെട്ട് ജയിലിലായിരുന്ന ദീപക് കഴിഞ്ഞ ജൂലൈയിലാണ് ജാമ്യത്തിലിറങ്ങിയത്. നരേന്ദ്രനും രവീന്ദ്രനുമാണ് മകന്‍റെ മരണത്തിന് പിന്നിലെന്നാണ് ദീപക്കിന്‍റെ പിതാവ് ആരോപിക്കുന്നത്.

ദീപക്കിന്‍‌റെ പിതാവിന്‍റെ ആരോപണം പൊലീസ് അന്വേഷണിക്കുന്നുണ്ട്. എന്നാല്‍ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ദീപക് മൊബൈൽ ഫോണിൽ സംസാരിക്കുകയും ഇതിനിടെ ഗുഡ്‌സ് ട്രെയിൻ ഇടിച്ചാണ് അപകടം സംഭവിച്ചതുമെന്നാണ് കോട്‌വാലി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ രമാശിഷ് ​​ഉപാധ്യായ മാധ്യമങങ്ങളോട് പ്രതികരിച്ചത്. ദീപക്കിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കും. കുടുംബത്തിന്‍റെ ആരോപണവും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *