ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന 108 ആംബുലന്‍സുമായി മുങ്ങിയ 15 വയസുകാരനായ രോഗി പിടിയില്‍. തിരക്കുള്ള റോഡില്‍ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലന്‍സ് ലെവല്‍ ക്രോസില്‍ ഓഫ് ആയി.
പിന്നീട് ഇത് സ്റ്റാര്‍ട്ട് ആക്കാന്‍ അറിയാതെ വട്ടം കറങ്ങിയ കുട്ടിയെ പിന്നാലെ എത്തിയ 108 ആംബുലന്‍സ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന 108 ആംബുലന്‍സുമായിട്ടാണ് കുട്ടി പോയത്. രോഗിയെ ആശുപത്രിയില്‍ ആക്കി തിരികെ എത്തിയ ആംബുലന്‍സ് ജീവനക്കാര്‍ വാഹനത്തില്‍ തന്നെ താക്കോല്‍ വെച്ച ശേഷം വിശ്രമിക്കാന്‍ പോയ സമയത്ത് ആണ് ഇതേ ആശുപത്രിയില്‍ പനിക്ക് ചികിത്സയില്‍ കഴിയുന്ന 15 വയസുകാരന്‍ കടന്നത്.
പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് ആംബുലന്‍സ് കാണാതെ വന്നതോടെ ജീവനക്കാര്‍ ആംബുലന്‍സിലെ ജി പി എസ് സംവിധാനം വഴി ആംബുലന്‍സ് ഒല്ലൂര്‍ ഭാഗത്തേക്ക് പോകുന്നത് മനസ്സിലാക്കി സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് സന്ദേശം
കൈമാറുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ ലെവല്‍ ക്രോസ്സില്‍ ഓഫ് ആയ ആംബുലന്‍സ് സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പിടികൂടി പൊലീസിന് കൈമാറി.
കുട്ടി ഓടിച്ച ആംബുലന്‍സ് കടന്നു പോയ വഴിയില്‍ പൊതുപരിപാടിയില്‍ നൂറോളം ആളുകള്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ആംബുലന്‍സ് അപകടം ഉണ്ടാക്കാതെ സുരക്ഷിതമായി പിടികൂടാന്‍ സാധിച്ചു. സംഭവസമയം ആംബുലന്‍സ് 50 കിലോമീറ്റര്‍ സ്പീഡിന് താഴെ ആണ് പോയിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. 108 ആംബുലന്‍സ് നടത്തിപ്പ് ചുമതലയുള്ള ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













