
ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയ എന്ന പതിനേഴുകാരിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാമ്പെയിൻ. #justice_for_asmiyamol എന്ന ഹാഷ്ടാഗിലാണ് സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്. ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്.
ശനിയാഴ്ച 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടൻ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനുളളിൽ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അധികൃതർ അനുവദിച്ചിരുന്നില്ല. പിന്നീട് കുട്ടി സ്ഥാപനത്തിലെ ലൈബ്രറി റൂമിൽ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്.

എഴുത്തുകാരി എസ് ശാരദക്കുട്ടി, കെ.ടി ജലീൽ എംഎൽഎ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരളയുടെ വൈസ് പ്രസിഡന്റ് ഷമീമ സക്കീർ തുടങ്ങി നിരവധി പേരാണ് അസ്മിയയ്ക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അസ്മിയയുടെ മരണത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് കെ.ടി ജലീൽ ആവശ്യപ്പെടുന്നു. കുറ്റക്കാർക്ക് നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പു വരുത്തണമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
