ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഈ സാഹചര്യത്തിൽ മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടും സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. മോദി ഉൾപ്പെടെ 64 പേർക്ക് അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയ നടപടി കോടതി ശരിവച്ചു. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് ഹ‍ർജി നൽകിയ സാക്കിയ ജാഫ്രി.

ഗുജറാത്ത് കലാപക്കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീൻ ചിറ്റ് നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2002-ൽ അഹമ്മദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. 223 പേരെ കാണാതാവുകയും , 2,500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *