വാക്‌സിനെടുക്കാതെ 5,000 ത്തോളം അധ്യാപകർ; നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ഇനിയും സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ തുറന്നിട്ടും അധ്യാപകർ വാക്സിൻ എടുക്കാൻ വിമുഖത കാട്ടിയതോടെയാണ് വിദ്യാഭ്യാസവകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്. നിലവിൽ ഏകദേശം 5,000 ത്തോളം പേർ വാക്‌സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇവർക്കെതിരെ നടപടിയെടുക്കാൻ വകുപ്പ് നീക്കങ്ങൾ ആരംഭിച്ചു. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ചാണ് വകുപ്പുതല നടപടി എടുക്കാൻ പോകുന്നത്.

ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല അധ്യാപകരും വാക്‌സിൻ എടുക്കാത്തത്. എന്നാൽ ഇതിൽ അധികം പേരും മതിയായ കാരണമില്ലാതെയാണ് വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ ആക്കാനുള്ള ശിപാർശ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിൻ എടുക്കാത്ത അധ്യാപകരെ കണ്ടെത്തി നടപടിയെടുക്കാൻ കർശന തീരുമാനം എടുത്തത്.

ഇതിന് മുമ്പ് സ്‌കൂൾ തുറക്കലിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിൽ 2,282 അധ്യാപകരും 327 അനധ്യാപകരും വാക്‌സിൻ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് 5,000 പേരോളം ഉണ്ടെന്നാണ് അറിയുന്നത്. ഇത് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തെയും ബാധിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് പറഞ്ഞു. വാക്‌സിൻ വിരുദ്ധത വളർത്തുന്നുവെന്നും സൂചന ലഭിച്ചട്ടുണ്ട്.

അതേസമയം വിഷയങ്ങൾ തീർക്കാൻ സമയം ലഭിക്കുന്നില്ലെന്ന് അധ്യാപകരുടെ പരാതിയും, കൂടുതൽ കുട്ടികൾ സ്‌കൂളിൽ വരാൻ തുടങ്ങിയതോടെയുമാണ് ക്ലാസുകൾ പഴയത് പോലെയാക്കാൻ ധാരണയായത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം എന്ന് നിലയിലായിരിക്കും ക്ലാസുകൾ നടത്തുക. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

KERALA

Spread the love

Leave a Reply

Your email address will not be published. Required fields are marked *