3-ാം ടെസ്റ്റ് ഇന്നുമുതല്‍

ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള ടെസ്റ്റ്പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു തുടങ്ങും. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയിലെ കളിയില്‍ ജയമുറപ്പിച്ച് പരമ്പര നേടാന്‍ വിരാട് കോഹ്ലിയും സംഘവും ഇറങ്ങുമ്പോള്‍ ഒരു മത്സരമെങ്കിലും ജയിച്ച് കലണ്ടര്‍വര്‍ഷം അവസാനിപ്പിക്കാനാകും ലങ്കയുടെ ശ്രമം. മഴയില്‍ കുതിര്‍ന്ന ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിനും 239 റണ്ണിനും ജയിച്ചു.

വിദേശപര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ നാട്ടിലെ അവസാന ടെസ്റ്റ് മത്സരമാണ് ഇന്നു തുടങ്ങുന്നത്. ആഫ്രിക്കന്‍ സംഘത്തോട് ഏറ്റുമുട്ടുംമുമ്പ് ജയിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള അവസരംകൂടിയാണിത്. ലങ്ക ദുര്‍ബലമായ പ്രകടനം തുടരുമ്പോള്‍ പരമ്പരവിജയം ഇന്ത്യക്ക് എളുപ്പമായേക്കും.

പരമ്പരയില്‍ ആധികാരിക പ്രകടനമായിരുന്നു ഇന്ത്യയുടേത്. മഴയില്‍ കുതിര്‍ന്ന കൊല്‍ക്കത്ത ടെസ്റ്റില്‍ തോല്‍ക്കാതെ കടന്നുകൂടുകയായിരുന്നു ലങ്ക. അവസാനദിനം ഒന്നരമണിക്കൂറിലേറെ ബാക്കിനില്‍ക്കെ വെളിച്ചക്കുറവുമൂലം കളി അമ്പയര്‍മാര്‍ നിര്‍ത്തുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ വന്‍ സ്കോര്‍ പിന്തുടരുകയായിരുന്ന ലങ്കയെ ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൌളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടപ്പെട്ട നിലയില്‍ തോല്‍വിയുടെ വക്കിലായിരുന്ന ലങ്കയ്ക്ക് വെളിച്ചക്കുറവ് ആശ്വാസമായി.

രണ്ടാം ടെസ്റ്റിലും ലങ്കയുടെ കളിക്ക് മാറ്റമുണ്ടായില്ല. ബൌളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ അവര്‍ തകര്‍ന്നു. മറുവശത്ത് ഇന്ത്യഅതിസുന്ദരമായ കളിയിലൂടെ ജയം നുകരുകയും ചെയ്തു. ക്യാപ്റ്റന്‍ കോഹ്ലി ഇരട്ടസെഞ്ചുറിയുമായി തിളങ്ങി. മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറി ഇന്ത്യക്കു സമ്മാനിച്ചത് കൂറ്റന്‍ ജയം. ആര്‍ അശ്വിന്‍ എട്ടു വിക്കറ്റ് നേടി. ടെസ്റ്റില്‍ അതിവേഗം 300 വിക്കറ്റ് നേടിയതിന്റെ ബഹുമതി സ്വന്തമാക്കുകയും ചെയ്തു.

ഫിറോസ് ഷായിലെ സ്പിന്‍ പിച്ചില്‍ മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ മൂന്ന് ഓപ്പണര്‍മാരില്‍ ആരെ പുറത്തിരുത്തണമെന്ന കാര്യത്തില്‍ മാത്രമാണ് വിരാട് കോഹ്ലിക്ക് ആശങ്ക. കൊല്‍ക്കത്തയില്‍ 94 റണ്‍ നേടിയ ധവാന്‍ കഴിഞ്ഞ കളിയിലെ വിശ്രമത്തിനുശേഷം ടീമില്‍ തിരിച്ചെത്തി. പകരമിറങ്ങിയ മുരളി വിജയ് രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി മികവു തെളിയിക്കുകയും ചെയ്തു. ലോകേഷ് രാഹുലും മികച്ച ഫോമില്‍തന്നെ. മങ്ങിയ ഫോം തുടരുന്ന വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ പുറത്തിരുത്താന്‍ കോഹ്ലി തയ്യാറായേക്കില്ല. വിദേശ പര്യടനത്തില്‍ രഹാനെയുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്.

രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ലങ്ക ഇറങ്ങുന്നത്. ബാറ്റ്സ്മാന്‍മാര്‍ മികവു പുറത്തെടുത്താല്‍ മാത്രമേ ലങ്കയ്ക്ക് സാധ്യതയുള്ളൂ. ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമല്‍ ഒഴികെയുള്ളവര്‍ റണ്‍ നേടിയിട്ടില്ല. 350ന് മുകളില്‍ ഒന്നാം ഇന്നിങ്സില്‍ നേടിയാല്‍ മാത്രമേ ലങ്കയ്ക്ക് സമനിലയെങ്കിലും നേടാനാകൂവെന്ന് ചന്ദിമല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലങ്കന്‍ ബാറ്റിങ്നിര ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോയെന്ന് കണ്ടറിയണം.

ഇന്ത്യ കരുത്തര്‍- കപില്‍
ന്യൂഡല്‍ഹി > നിലവിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആരെയും തോല്‍പ്പിക്കാമെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ശ്രീലങ്കക്കെതിരെ മൂന്നാം ടെസ്റ്റിന് ഇന്ന് ഇന്ത്യ ഇറങ്ങും. അതിനുശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടും. ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയുെം തോല്‍പ്പിക്കാനുള്ള കഴിവ് ഇപ്പോള്‍ ഇന്ത്യക്കുണ്ടെന്ന് കപില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *