ഗുജറാത്തില്‍ മുഖ്യമന്ത്രി നോക്കിനില്‍ക്കെ വീരസൈനികന്റെ മകളെ പൊലിസ് വലിച്ചിഴച്ചു


വീരമൃത്യു വരിച്ച ജവാന്റെ മകളെ, മുഖ്യമന്ത്രിയുടെ മുന്നിലൂടെ പൊലിസ് വലിച്ചിഴച്ചത് വിവാദമായി. ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയണ് സംഭവം.


2002ല്‍ കശ്മീരില്‍ വീരമൃത്യു വരിച്ച അശോക് ടഡ്‌വിയുടെ മകള്‍ രൂപാലിനെയാണു പൊലിസ് മുഖ്യമന്ത്രിയുടെ മുന്നിലൂടെ വലിച്ചിഴച്ചത്. രൂപാലി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് വേദിയിലേക്ക് കയറാന്‍ ശ്രമിക്കവെ പൊലിസ് ഇവരെ തടയുകയായിരുന്നു.


തന്റെ കുടുംബത്തിന് അനുവദിച്ച ഭൂമി ഇതുവരെ നല്‍കിയില്ലെന്നാരോപിച്ചാണ് രൂപാനി മുഖ്യമന്ത്രിയെ കാണാനെത്തിയത്. പൊലിസ് ഇവരെ വലിച്ചിഴക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇതിന്റെ വീഡിയോ ബി.ജെ.പിക്കെതിരെ പ്രചാരണയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ അഹങ്കാരം കൊടുമുടിയില്‍ എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ശ്രമിച്ചിട്ടും രൂപാലിയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. രൂപാലിന്റെ അമ്മ ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയപ്പോള്‍ പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.



Sharing is Caring