3 ലോക്‌സഭാ, 29 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി

3 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിലെയും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണൽ ആരംഭിച്ചു. 29 സീറ്റുകളിൽ ബിജെപിക്ക് ആറ് സീറ്റും കോൺഗ്രസിന് ഒമ്പത് സീറ്റും ആണുണ്ടായിരുന്നത്. ബാക്കിയുള്ളവ പ്രാദേശിക പാർട്ടികളോടൊപ്പമായിരുന്നു.

അസമിൽ അഞ്ച്, ബംഗാളിൽ നാല്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകൾ വീതവും ബിഹാർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ട് വീതം സീറ്റുകളിലേക്കും ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലേക്കും ശനിയാഴ്ചയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ദാദ്ര നഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖണ്ഡ്വ എന്നീ ലോക്‌സഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലും സിറ്റിങ് അംഗങ്ങൾ മരിച്ചിരുന്നു.

കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹരിയാന നിയമസഭയിൽ നിന്ന് രാജിവച്ച ഐഎൻഎൽഡി നേതാവ് അഭയ് ചൗട്ടാലയും മത്സരിച്ച പ്രധാന നേതാക്കളിൽ ഉൾപ്പെടുന്നു.
അന്തരിച്ച മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിംഗ് കോൺഗ്രസിനുവേണ്ടിയും, മുൻ ദേശീയ ഫുട്ബോൾ താരം യൂജിൻസൺ ലിങ്ദോ, തെലങ്കാനയിൽ നിന്നുള്ള മുൻ മന്ത്രി എടാല രാജേന്ദർ എന്നിവർ മത്സരിച്ച പ്രമുഖരാണ്.

മാണ്ഡിയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ബിജെപി സ്ഥാനാർത്ഥി ഖുഷാൽ സിംഗ് ഠാക്കൂറിനെതിരെയാണ് പ്രതിഭ സിംഗ് മത്സരിക്കുന്നത്. ദാദ്ര നഗർ ഹവേലിയിൽ ബിജെപിയുടെ മഹേഷ് ഗാവിറ്റിനും കോൺഗ്രസിന്റെ മഹേഷ് ധോഡിക്കുമെതിരെ ഏഴ് തവണ സ്വതന്ത്ര എംപിയായ മോഹൻ ദേൽക്കറുടെ ഭാര്യ കലാബെൻ ദേൽക്കർ ശിവസേന സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *