25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി മമത സര്‍ക്കാര്‍

പശ്ചിമ ബംഗാളില്‍ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ഭൂമിയുടെ ഉടമാവകാശം നല്‍കി. നിബന്ധനകളൊന്നുമില്ലാതെയാണ് പട്ടയം നല്‍കിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മമത വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാരാണ് എന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശം. നിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ല- മമത ബാനര്‍ജി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ജാദവ്പൂരില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന 1980കള്‍ മുതല്‍ അഭയാര്‍ഥികളുടെ അവകാശത്തിനായി താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് മമത അവകാശപ്പെട്ടു. ഇതൊന്നുമറിയാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പിന്നാക്ക സമുദായങ്ങളെ പറ്റിക്കുകയാണെന്നും മമത ബിജെപിയെ വിമര്‍ശിച്ചു.

മതുവ, നമശുദ്ര സമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യഥാക്രമം 10 കോടിയും 5 കോടിയും മമത ബാനര്‍ജി പ്രഖ്യാപിച്ചു. ബഗ്ദി, മാജി, ദുലെ സമുദായങ്ങള്‍ക്കും ഫണ്ട് അനുവദിക്കുമെന്ന് മമത പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ സന്ദര്‍ശനം നടത്താനിരിക്കെയായിരുന്നു മമതയുടെ പ്രഖ്യാപനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *