ഒരു ദിവസത്തെ ഫീസ് 240 രൂപ;മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് ചില്ലിക്കാശ് പോലും നല്‍കാതെ സര്‍ക്കാര്‍


അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കാതെ സര്‍ക്കാര്‍.


240 രൂപയാണ് അഭിഭാഷകന്‍ ഒരു ദിവസം മൂന്ന് മണിക്കൂറിലധികം കോടതിയില്‍ ചിലവിട്ടാല്‍ ലഭിക്കുന്ന ഫീസ്. മധു വധക്കേസില്‍ 1,63,520 രൂപ അഭിഭാഷകന് ചെലവായിട്ടുണ്ട്. ഈ തുക അനുവദിക്കണമെന്ന് ആശ്യപ്പെട്ട് അഭിഭാഷകന്‍ രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് കത്തയച്ചു.


കേസിന്റെ ആവശ്യത്തിനായി ചെലവാക്കിയത് ഉള്‍പ്പെടെയുള്ള കണക്ക് സഹിതം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നേരിട്ട് കണ്ട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

ഇതുവരെ 40ലേറെ തവണ രാജേഷ് എം മേനോന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധു വധക്കേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഈ കാലയളവിലെ ഫീസോ, യാത്രാ ചെലവോ, അഭിഭാഷകന് നല്‍കിയിട്ടില്ലെന്നാണ് വിവരം. നേരത്തെ കേസിലെ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥും ഈ കാര്യം പറഞ്ഞാണ് പിന്മാറിയത്.



Sharing is Caring