25 വര്‍ഷത്തില്‍ കശ്മീരിന്റെ മുഖച്ഛായ മാറുമെന്ന് പ്രധാനമന്ത്രി, 20,000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

20000 കോടിയുടെ വികസനം ജമ്മു കശ്മീരില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവില്‍ എത്തിയത്. ജമ്മുവില്‍ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. 25 വര്‍ഷത്തിനുള്ളില്‍ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019-ലെ ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മുവില്‍ എത്തുന്നത്.

കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 3100 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍-ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യും. ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിര്‍വ?ഹിച്ചു. ദേശീയ പഞ്ചായത്ത് രാജ് ദിനമായ ഇന്ന് സാംബ ജില്ലയിലെ പല്ലി പഞ്ചായത്തില്‍ എത്തിയ മോദി ജമ്മു കശ്മീരിലെ പഞ്ചായത്ത് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. പല്ലിയെ പഞ്ചായത്തില്‍ സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റിനെക്കുറിച്ച് അവിടുത്തെ പ്രതിനിധികള്‍ മോദിയോട് വിശദീകരിച്ചു.

കാര്‍ഷിക മേഖലയില്‍ സോളാര്‍ പമ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്‍ഇഡി ബള്‍ബുകളുടെയും സോളാര്‍ കുക്കറിന്റെയും ഉപയോഗത്തെക്കുറിച്ചും പ്രധാനമന്ത്രി ജനപ്രതിനിധകളോട് വിശദീകരിച്ചു. പ്രകൃതി കൃഷിയുടെ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗ്രാമപഞ്ചായത്തുകളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ വര്‍ഷവും ഇത്തരം ആഘോഷങ്ങളില്‍ ഗ്രാമത്തിലെ എല്ലാ ആളുകളും വന്ന് പങ്കുചേരണമെന്നും അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കേണ്ടതും ആരംഭിക്കേണ്ടതുമായ എല്ലാ ജോലികളും എന്താണെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *