കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു


കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടന്നു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാല്‍ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ് ഐ ആർ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷൻ നേരത്തെ സൂചന നല്‍കിയിരുന്നു.


എസ്‌ ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്നാണ് വിവരം.രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഉടൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കോരളം, ബംഗാള്‍, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിന്റെ ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അടുത്ത മാസത്തോടെ ലഭിക്കും. അതോടെ ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകും.


രാജ്യവ്യാപക എസ്‌ഐആർ ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മുൻ പട്ടികയിലുള്ള വോട്ടർമാരെയും ബന്ധുക്കളെയും കണ്ടെത്തുന്ന ബീഹാർ മാതൃക പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ദില്ലിയില്‍ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്‍കിയത്.

വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ തവണ എസ്‌ഐആർ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തില്‍ വിശദീകരിച്ചിരുന്നു. ബിഹാറില്‍ നടപ്പാക്കിയ പരിഷ്കരണ നടപടികള്‍ അവിടുത്തെ ഉദ്യോഗസ്ഥർ യോഗത്തില്‍ വിശദീകരിച്ചു. സംസ്ഥാനങ്ങളില്‍ എസ്‌ഐആറിനുള്ള പ്രാഥമിക നടപടികള്‍ ഈ മാസം പൂർത്തിയാകുമെന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പ് ഓഫീസർമാരും യോഗത്തില്‍ അറിയിച്ചു.

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച്‌ തീവ്ര പരിശോധനയ്ക്ക് ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തില്‍ നിർദേശിച്ചിരുന്നു. ബിഹാറിന് പിന്നാലെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടികള്‍ ഊർജിതമാക്കുകയാണെന്ന സൂചനയാണ് കമ്മീഷൻ നല്‍കുന്നത്.



Sharing is Caring