തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു:ഡോ. ഹാരിസ്


തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്ന് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ. ഹാരിസ്.


എല്ലാ വിഭാഗത്തിലും പ്രശ്‌നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിട്ടത് അപേക്ഷിച്ചും ഇരന്നും മടുത്തിട്ടെന്ന് ഡോ ഹാരിസ് പറഞ്ഞു.


തനിക്കും ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓര്‍ത്തപ്പോള്‍ ആ ഭയത്തിന് അര്‍ഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ഒപ്പമുണ്ടായിരുന്ന പല ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്ത് കോടീശ്വരന്മാരായിട്ടും താനിപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നത് സര്‍ക്കാര്‍ കോളജില്‍ പഠിച്ചതിനാല്‍ സര്‍ക്കാര്‍ സേവനം ചെയ്യണമെന്ന നിര്‍ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡോ. ഹാരിസ് പറഞ്ഞു.

ആശുപത്രിയില്‍ വേണ്ട ചില അടിയന്തര ആവശ്യങ്ങളെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. പ്രശ്‌നങ്ങള്‍ പൂര്‍ണമായും ആരോഗ്യമന്ത്രിക്ക് അറിയുമോ എന്ന് തനിക്കറിയില്ല. തന്റെ തലപ്പത്തുള്ളവര്‍ തന്നെ പ്രശ്‌നങ്ങള്‍ കവര്‍ അപ്പ് ചെയ്യാന്‍ ശ്രമിച്ചതായി സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring