മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടി.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിയിന്‍ മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
സിറാജ് സിനിമക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നല്‍കാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നുമായിരുന്നു കുറ്റാരോപിതരുടെ വാദം.
കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. എന്നാല്‍ കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈകോടതി വ്യക്തമാക്കി.
ഇരുന്നൂറ് കോടിയോളം രൂപ നേടി ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് 2024ല്‍ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ് കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയത്.













