കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഉയർന്ന ആരോപങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.
ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. എന്നാൽ പാർട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോട്ടയിൽ രാജുവിൻ്റെ വാദം.
ഉപതെരഞ്ഞെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തിൽ വേഗത്തിൽ വിവാദം അവസാനിപ്പിക്കണമെന്ന നിർദ്ദേശവും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. എന്നാൽ ആവശ്യം അറിയിച്ചപ്പോൾ ലൈംഗിക ചുവയോടെ കോട്ടയിൽ രാജു സംസാരിക്കുകയായിരുന്നു.
ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമെന്നും യുവതി പറയുന്നു. സിപിഐഎം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു.
ഇതേസമയം തന്നെയാണ് നഗരസഭ ചെയർമാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന് കാട്ടി കരുനാഗപ്പള്ളിയിലെ സ്വർണ്ണാഭരണക്കയുടമ സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതും. 3 ലക്ഷം രൂപ ചെയർമാൻ ആവശ്യപ്പെട്ടെന്നും.
1 ലക്ഷം നൽകിയെങ്കിലും രസീത് നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. നവകേരള സദസിന് ചെയർമാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും നൽകാതെ വന്നതോടെ ഭീഷണിയായെന്നും പരാതിയിൽ നിന്ന് വ്യക്തമാണ്.