ഹോണ്ട ഇന്ത്യ മനേസറിൽ പുതിയ സികെഡി എഞ്ചിൻ അസംബ്ലി ലൈൻ തുറന്നു

കൊച്ചി: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഹരിയാന മനേസറിലെ ഗ്ലോബൽ റിസോഴ്സ് ഫാക്ടറിയിൽ പുതിയ അത്യാധുനിക സികെഡി (കംപ്ലീറ്റ് നോക്ക്ഡ് ഡൗൺ) അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു. സികെഡി കയറ്റുമതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നവീകരണം, കാര്യക്ഷമത, ആഗോള മികവ് എന്നിവയിലുള്ള എച്ച്എംഎസ്ഐയുടെ പ്രതിബദ്ധതയിൽ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന പുതിയ അസംബ്ലി ലൈനിന് പ്രതിദിനം 600 എഞ്ചിനുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. 110സിസി മുതൽ 300സിസി വരെയുള്ള മോഡലുകൾക്കായി എഞ്ചിനുകൾ നിർമിക്കാനുള്ള സജ്ജീകരണവും പുതിയ അസംബ്ലി ലൈനിലുണ്ട്.

ഹോണ്ടയുടെ രാജ്യത്തെ ആദ്യത്തെ ഇരുചക്രവാഹന നിർമ്മാണ കേന്ദ്രമായ മനേസറിലെ ഗ്ലോബൽ റിസോഴ്സ് ഫാക്ടറി 2001ലാണ് സ്ഥാപിതമായത്. ജനപ്രിയ ആക്ടീവയുടെ നിർമാണവും ഈ ഫാക്ടറിയിൽ നിന്നായിരുന്നു. നിലവിൽ യൂറോപ്പ്, സെൻട്രൽ ആൻഡ് ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സാർക്ക് രാജ്യങ്ങൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന 58 വിപണികളിലേക്ക് എച്ച്എംഎസ്ഐ ഇവിടെ നിന്ന് എഞ്ചിനുകൾ ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നുണ്ട്.

മനേസറിലെ ഞങ്ങളുടെ ഗ്ലോബൽ റിസോഴ്സ് ഫാക്ടറിയിൽ സികെഡി കയറ്റുമതിക്കായി പുതിയ എഞ്ചിൻ അസംബ്ലി ലൈൻ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഈ ചുവടുവെപ്പിലൂടെ കയറ്റുമതി ശേഷി വർദ്ധിപ്പിക്കാനും, വിപണി വിപുലീകരണത്തിൽ പുതിയ ഉയരങ്ങളിലെത്താനും, ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാനും എച്ച്എംഎസ്ഐ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *