ഹൈദരാബാദ് സ്‌ഫോടനം: 5 ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കുറ്റക്കാര്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ 19 പേരുടെ മരണത്തിനിടയാക്കിയന സ്‌ഫോടനം നടത്തിയത് യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്ന് കോടതി കണ്ടെത്തി.
പ്രത്യേക എന്‍ഐഎ കോടതി ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കല്‍, പാക്ക് ഭീകരന്‍ സിയാ ഉര്‍ റഹ്മാന്‍ ( വഖാസ്), അസാദുള്ള അക്തര്‍ (ഹാദി), തഹ്‌സീന്‍ അക്തര്‍ (മോനു), ഐജാസ് ഷെയ്ഖ് എന്നിവര്‍ യുഎപിഎ നിയമപ്രകാരം കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. മുഖ്യപ്രതി റിയാസ് ഭട്കല്‍ ഒളിവിലാണ്.

ഇവര്‍ കുറ്റക്കാരാണെന്ന് സംശയത്തിനതീതമായി തെളിയിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞതായികോടതി വ്യക്തമാക്കി. അഞ്ചു പേര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ നിലപാട്.
2013 ഫ്രെബ്രുവരി 21ന് ദില്‍കുഷ്‌നഗറിലെ കൊണാര്‍ക്ക്, വെങ്കടാദ്രി തീയേറ്ററുകളില്‍ നടന്ന സ്‌ഫോടനത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. 131 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും വികലാംഗരായി. 2009 ജൂണ്‍ 22ന് നിരോധിക്കപ്പെട്ട സംഘടനയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍.

2007 നവംബര്‍ ഏഴിന് വാരാണസി, ഫൈസാബാദ്, ലക്‌നോ കോടതികളിലും 2006 ജൂലൈ 11ന് വാരാണസിയിലും 2006 ജൂലൈയില്‍ മുബൈയിലും നടന്ന സ്‌ഫോടനങ്ങള്‍ക്കും 2007 ആഗസ്റ്റ് 25ന് ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനത്തിനും ഉത്തരവാദിയാണ് ഐഎം. 2008 മെയ്13ന് ജയ്പൂരിലും 2008 ജൂലൈ 26ന് അഹമ്മദാബാദിലും 2008 സപ്തംബര്‍ 13ന് ദല്‍ഹിയിലും 2010 ഫെബ്രുവരിയില്‍ പൂനെ ജര്‍മ്മന്‍ ബേക്കറിയിലും 2010 ഏപ്രില്‍ 17ന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലും 2011 ജൂലൈ 13ന് മുബൈയിലും സ്‌ഫോടനങ്ങള്‍ നടത്തിയത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്.

ആദ്യമായാണ് ഒരു ബോംബു സ്‌ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ കുറ്റക്കാരായി കോടതി കണ്ടെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *