ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ വില കുത്തനെ കുറഞ്ഞ് മൂന്നര ലക്ഷം വരെ എത്തി


പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ പായുന്ന ഹാര്‍ലി ഡേവിഡ്‌സണിനെ നോക്കി കൊതിയടക്കുന്നവരാണ് ഭൂരിപക്ഷവും. ഒരിക്കലെങ്കിലും ഈ കരുത്തനെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ബൈക്ക് പ്രേമികളും വിരളമല്ല. ഇപ്പോള്‍ ബൈക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഈ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കളം പിടിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില ഇന്ത്യയില്‍ കുത്തനെ കുറച്ചിരിക്കുകയാണ് കമ്പനി.


വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഇരുപത്തഞ്ചു ശതമാനം തീരുവ കുറച്ച കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തിലാണ് മോഡലുകളുടെ വില കുറയ്ക്കാനുള്ള അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. ഇപ്പോള്‍ അമ്പതു ശതമാനം നികുതിയാണ് ഈടാക്കുന്നത്. സിവിഒ നിരയില്‍ നിന്നുള്ള മോട്ടോര്‍സൈക്കിളുകളുടെ വിലയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കുറച്ചിരിക്കുന്നത്. സോഫ്‌ടെയില്‍ നിരയിലേക്ക് പുതിയ ലോ റൈഡര്‍, ഡീലക്‌സ് മോഡലുകളെ അവതരിപ്പിച്ചതിന് പിന്നാലെയാണ് പൂര്‍ണ ഇറക്കുമതി മോട്ടോര്‍സൈക്കിളുകളുടെ വില കമ്പനി കുറച്ചതായി അറിയിച്ചത്.


പുതിയ നടപടിയെ തുടര്‍ന്ന് ഹാര്‍ലിയുടെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ സിവിഒ ലിമിറ്റഡിലാണ് ഏറ്റവുമധികം വില കുറഞ്ഞത്. 3.73 ലക്ഷം രൂപ കുറഞ്ഞ സിവിഒ ലിമിറ്റഡ് ഇനി 49.99 ലക്ഷം രൂപ പ്രൈസ് ടാഗില്‍ വിപണിയില്‍ ലഭ്യമാകും. 53.72 ലക്ഷം രൂപയായിരുന്നു മോഡലിന്റെ പഴയ വില. ഇതിന് പുറമെ ടൂറിംഗ് നിരയുടെ വിലയും നിര്‍മ്മാതാക്കള്‍ വെട്ടിക്കുറച്ചു. 3.38 ലക്ഷം രൂപയാണ് റോഡി കിംഗില്‍ വില കുറഞ്ഞിരിക്കുന്നത്. ഇനി 24.99 ലക്ഷം രൂപയാണ് റോഡ് കിംഗിന്റെ എക്‌സ്‌ഷോറൂം വില.

3.51 ലക്ഷം രൂപ വില കുറഞ്ഞ സ്ട്രീറ്റ് ഗ്ലൈഡിന് ഇനി 29.99 ലക്ഷം രൂപയാണ് പ്രൈസ് ടാഗ്. ടൂറിംഗ് നിരയിലെ ഏറ്റവും മുന്തിയ റോഡ് ഗ്ലൈഡ് സ്‌പെഷ്യലില്‍ 2.62 ലക്ഷം രൂപയാണ് ഹാര്‍ലി കുറച്ചത്. വരും ദിനങ്ങളില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍, അപ്രീലിയ, യമഹ, എംവി അഗസ്റ്റ, മോട്ടോ ഗുസ്സി പോലുള്ള കമ്പനികളും മോഡലുകളുടെ വില കുറയ്ക്കുമെന്നാണ് സൂചന. നേരത്തെ ബിഎംഡബ്ല്യു മോട്ടോറാഡും ഇന്ത്യയില്‍ മോഡലുകളുടെ വില കുറച്ചിരുന്നു



Sharing is Caring