കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന അനിശ്ചിതകാല സമരം ഹൈകോടതി തടഞ്ഞു. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈകോടതി സ്റ്റേ ചെയ്തത്.സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്കി.
നഴ്സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഹരജി നല്‍കിയത്. സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.














