റിയൊ ഒളിമ്പിക്‌സിനുള്ള യുഎസ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡ് മാറ്റിയെഴുതിന്റെ ആവേശത്തിലാണ് കെന്ദ്ര ഹാരിസണ്‍. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് 12.20 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി ചരിത്രമെഴുതി ഹാരിസണ്‍. 1988ല്‍ ബള്‍ഗേറിയയുടെ യൊര്‍ദാങ്ക ഡൊനൊകൊവയുടെ 12.21 സെക്കന്‍ഡാണ് ലണ്ടനില്‍ പഴങ്കഥയായത്. യുഎസ് റെക്കോഡും ഹാരിസണിന്റെ പേരിലായിരുന്നു, 12.24 സെക്കന്‍ഡ്.
യുഎസ് ഒളിംപിക്‌സ് ട്രയല്‍സില്‍ ആറാമതായിരുന്നു ഹാരിസണ്‍. അവിടെ ഒന്നാമതായിരുന്ന ബ്രയാന റോളിന്‍സിനെ ലണ്ടനില്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ഹാരിസണ്‍. 12.57 സെക്കന്‍ഡിലാണ് റോളിന്‍സ് ഫിനിഷ് ചെയ്തത്. 2013ലെ ലോക ചാമ്പ്യന്‍ കൂടിയാണ് റോളിന്‍സ്. ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ നിയ അലിയെ നാലാം സ്ഥാനത്തേക്കു പിന്തള്ളി ക്രിസ്റ്റിന കറ്റാലിന്‍ വെങ്കലം നേടി.













