ഹാഫിസ് സയ്യദിനെ അറസ്റ്റ് ചെയ്യണം: അമേരിക്ക

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യദിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ വീട്ടുതടങ്കലില്‍ നിന്ന് സയ്യദിനെ മോചിപ്പിച്ചതില്‍ അമേരിക്ക കടുത്ത ആശങ്കയിലാണ്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉടനെ സയ്യദിനെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അമേരിക്കക്കാരുള്‍പ്പെടെയുള്ള ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ ഭീകരസംഘടന ലഷ്‌കര്‍ ഇ തോയ്ബയുടെ നേതാവാണ് സയ്യദ്. കശ്മീര്‍ സമരാനുകൂലിയെന്ന് അവകാശപ്പെടുന്ന ഇയാള്‍ ആഗോള ഭീകരനാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനുവരി മുതല്‍ സയ്യദ് പാക്കിസ്ഥാനില്‍ വീട്ടുതടങ്കലിലായിരുന്നു. സമാധാനത്തിന് സയ്യദിന്റെ പ്രവര്‍ത്തനങ്ങള്‍ ഭീഷണിയാണെന്നു കണ്ടതിനെ തുടര്‍ന്നാണ് തടങ്കലിലാക്കിയത്. എന്നാല്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ കോടതി കഴിഞ്ഞ ദിവസം ഇയാളെ മോചിപ്പിച്ചു.

2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കന്‍ പൗരന്മാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2012 ല്‍ അമേരിക്ക, സയ്യദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് മില്ല്യന്‍ ഡോളര്‍ സമ്മാനതുക പ്രഖ്യാപിച്ചിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *