മുരളിക്കും പൂജാരക്കും സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയില്‍

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ലങ്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 205 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എന്ന നിലയില്‍. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മുരളി വിജയ് (128), ചേതേശ്വര്‍ പൂജാര (121 നോട്ടൗട്ട്) എന്നിവരുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പൂജാരക്കൊപ്പം 54 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ 107 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

ഒന്നിന് 11 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്നത്. രണ്ടാം വിക്കറ്റില്‍ പൂജാര-മുരളി വിജയ് സഖ്യം 209 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പൂജാരയും മുരളിയും ലങ്കന്‍ ബൗളര്‍മാര്‍ക്കുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്തയന്‍ ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സന്ദര്‍ശക ബൗളര്‍മാര്‍ക്ക് കഴിഞ്ഞതുമില്ല. ഇന്ത്യയെ സുരക്ഷിത സ്‌കോറിലെത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 187 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ച മുരളി വിജയാണ് ആദ്യം പുറത്തായത്. 221 പന്തില്‍ 11 ഫോറും ഒരു സിക്‌സറുമടക്കം 128 റണ്‍സെടുത്ത വിജയ് ഹെറാത്തിന്റെ പന്തില്‍ പെരേരക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്താം സെഞ്ചുറിയാണ് മുരളി വിജയ് തികച്ചത്.

മുരളിക്ക് പകരക്കാരനായി എത്തിയ ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലി, പൂജാരക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ഇതിനിടയില്‍ ടെസ്റ്റിലെ പതിന്നാലാം സെഞ്ചുറി തികച്ചു. 246 പന്തില്‍ നിന്നായിരുന്നു പൂജാരയുടെ ശതകം. ഇതില്‍ 13 ബൗണ്ടറികളും ഉള്‍പ്പെടുന്നു. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ കോഹ്‌ലി 70 പന്തില്‍നിന്ന് ആറു ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് 54 റണ്‍സെടുത്തത്. കോഹ്‌ലി-പൂജാര സഖ്യം മൂന്നാം വിക്കറ്റില്‍ വേര്‍പിരിയാതെ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ലങ്കയ്ക്ക് വേണ്ടി ഗമഗെ, ഹെറാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *