ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്…

ഹാദിയ കേസില്‍ കേരള വനിതാകമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അവകാശലംഘനം നേരിടുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാകമ്മീഷനില്‍ നിന്നും ഇത്തരത്തിലൊരു നീക്കം. ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള അംഗീകാരം തേടാനാണ് വനിതാകമ്മീഷന്‍ സുപ്രീംകോടതി വഴി ശ്രമിക്കുന്നത്.
സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനുളള നീക്കമാണ് വനിതാകമ്മീഷന്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുളളതിനാല്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് വനിതാകൂട്ടായ്മ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.
വൈക്കം സ്വദേശിനി ഹാദിയയെ (അഖില) മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഒക്ടോബര്‍ മൂന്നിനു പരിഗണിക്കാനിരിക്കെയാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. അച്ഛന്‍ അശോകനില്‍ നിന്നു കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുസ്!ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി സ്വീകരിച്ചത്. കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാറാണു കേസ് പരിഗണിക്കുന്നത്.
ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനഃപൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ അത് ഗൗരവതരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും പി. മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *