ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പദ്ധതികള്‍ ഉയര്‍ത്തി കാട്ടി പാകിസ്താന് ഉചിതമായ മറുപടി നല്കിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പാക്കിസ്താനെതിരെ ആഞ്ഞടിച്ചതിലുപരി രാഹുല്‍ നന്ദി രേഖപ്പെടുത്തിയത് യുപിഎ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഐഐടികളേയും, ഐഐഎമ്മിനെയും ഉദ്ധരിച്ച് പാകിസ്താന് മറുപടി നല്‍കിയതിനാണ്.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോഴാണ് സുഷമ സ്വരാജ് പാകിസ്താനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഇന്ത്യ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയവ സ്ഥാപിക്കുമ്പോള്‍ പാകിസ്താന് തീവ്രവാദം വളര്‍ത്താന്‍ ജെഇഎം, എല്‍ഇടി, ഹഖാനി നെറ്റ്വര്‍ക്ക് എന്നിവയാണ് സ്ഥാപിക്കുന്നത്. ഇന്ത്യ സൃഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ ജീവന് രക്ഷിക്കുമ്പോള്‍, പാകിസ്താന്റെ ഉത്പന്നമായ ഭീകരവാദികള്‍ ജീവനെടുക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
യുഎന്‍ പ്രതിനിധി സമ്മേളനത്തില്‍ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാല സുഷമയെ അഭിനന്ദിച്ചിരുന്നു.













