ഹാദിയാ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ചോദ്യംചെയ്ത് ബൃന്ദാ കാരാട്ട്


ഹാദിയക്കു പറയാനുള്ളത് കേട്ട ദിവസം സുപ്രിംകോടതിയില്‍ സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.വി ഗിരിയുടെ നിലപാടിനെ ചോദ്യംചെയ്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് രംഗത്ത്. ഹാദിയയെ കേള്‍ക്കുന്നതിനു മുമ്പ് അവരുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ ആരോപണങ്ങളടങ്ങുന്ന രേഖകള്‍ പരിശോധിക്കണമെന്ന എന്‍.ഐ.എയുടെ നിലപാടിനെ പിന്തുണച്ച വി ഗിരിയുടെ നടപടിയെയാണ് ദി ഹിന്ദുപത്രത്തിലെഴുതിയ ലേഖനത്തില്‍ ബൃന്ദ നിശിതമായി വിമര്‍ശിച്ചത്.


വി ഗിരിയുടെ നിലപാട് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച ബൃന്ദ, അതേസമയം തിങ്കളാഴ്ച ഹാദിയാ കേസ് കേള്‍ക്കുന്നതിനിടെ സംസ്ഥാന വനിതാകമ്മിഷനുവേണ്ടി ഹാജരായ യുവ അഭിഭാഷകന്‍ പി.വി ദിനേശിന്റെ ഇടപെടലിനെ ലേഖനത്തില്‍ പ്രശംസിക്കുകയും ചെയ്തു.


ഹാദിയയെ കേള്‍ക്കുന്ന ദിവസം സുപ്രിംകോടതി ഖാപ് പഞ്ചായത്തുകളുടെ നിലവാരത്തിന്റെ അടുത്ത് വരെ എത്തിയെങ്കിലും അത്തരത്തിലേക്ക് മാറാന്‍ വനിതാ കമ്മിഷന്‍ അഭിഭാഷകന്‍ അനുവദിച്ചില്ലെന്ന പരാമര്‍ശത്തോടെയാണ്, ‘ഹാദിയ അവളുടെ ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കട്ടെ’ എന്ന തലക്കെട്ടിലുള്ള ലേഖനം തുടങ്ങുന്നത്.

ഹാദിയയുടെ വാക്കുകള്‍ വ്യക്തമായിരുന്നു. തന്നെ ഒരു മനുഷ്യനായി കണക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും അവള്‍ കോടതിയോട് അഭ്യര്‍ഥിച്ചു. വിശ്വാസപ്രകാരം ഭര്‍ത്താവിനൊപ്പം കഴിയാനും പഠനം തുടരാനും ആഗ്രഹിച്ചു. ഹാദിയയുടെ മതംമാറ്റത്തിലേക്കു നയിച്ച സാഹചര്യവും വിവാഹവും എന്‍.ഐ.എ അന്വേഷിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്ന് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടും അതിനുവിരുദ്ധമായി കേരളത്തിനു വേണ്ടി ഹാജരായ വി ഗിരി നിലപാട് എടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇത്തരം നിലപാടുകള്‍ എത്രയുംവേഗം തിരുത്തേണ്ടതുണ്ട്.

ഹാദിയയെ ഒന്നര മണിക്കൂര്‍ നേരം തുറന്നകോടതിമുറിയില്‍ നിര്‍ത്തി അവള്‍ക്കെതിരെയും അവള്‍ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത പങ്കാളിക്കെതിരെയും ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യം ലജ്ജാകരവും അപമാനകരവുമാണ്. പ്രായപൂര്‍ത്തിയും വിദ്യാസമ്പന്നയുമായ സ്ത്രീക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന അവളുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകരായ കപില്‍ സിബലിന്റെയും ഇന്ദിരാ ജയ്‌സിങ്ങിന്റെയും വാദങ്ങള്‍ കോടതി അംഗീകരിക്കാനും തയ്യാറായില്ല. ഇത്തരത്തില്‍ ഹാദിയയെ കേള്‍ക്കുന്നതു നീട്ടിക്കൊണ്ടുപോവാനായി എന്‍.ഐ.എയും അശോകന്റെ അഭിഭാഷകനും ശ്രമിക്കുന്നതിനിടെ വനിതാ കമ്മീഷന്റെ അഭിഭാഷകന്‍ ദിനേശിന്റെ അവസരോചിത ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. ആ ഇടപെടലാണ് ഹാദിയയെ തിങ്കളാഴ്ചതന്നെ കേള്‍ക്കാന്‍ സാധിച്ചത്.

തനിക്കെതിരായ എല്ലാ ആരോപണങ്ങളും വാദങ്ങളും ഒന്നരമണിക്കൂറോളം അവള്‍ കേട്ടിട്ടും അവളെ കേള്‍ക്കാതിരിക്കുന്നത് നീതിയുടെ ശവമടക്കായിരിക്കുമെന്ന ദിനേശിന്റെ നിലപാടാണ് വഴിത്തിരിവായത്. ഹാദിയക്കു പറയാനുള്ളതു കേള്‍ക്കാന്‍ കോടതിക്ക് താല്‍പര്യമില്ലായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് അവരെ വിളിപ്പിച്ചത്. ഹാദിയ ക്രിമിനലോ പ്രതിയോ അല്ല. എങ്കിലും ആ വിധമാണ് കോടതിയില്‍ അവളെ ഒരുമണിക്കൂറോളം നിര്‍ത്തിയത്. ഇങ്ങനെ അവളെ അപമാനിക്കരുതായിരുന്നു.

ഖാപ് പഞ്ചായത്തുകളില്‍ ‘കുറ്റാരോപിതരായ’ സ്ത്രീകള്‍ക്ക് ഒരിക്കലും സംസാരിക്കാന്‍ അവസരം നല്‍കാറില്ല. അവളെ നിശബ്ദയാക്കിയാണ് അവള്‍ക്ക് ശിക്ഷ വിധിക്കുന്നത്. അവളെ സംസാരിക്കാന്‍ അനുവദിക്കാതെ ഖാപ് പഞ്ചായത്തുകള്‍ നല്‍കുന്ന ശിക്ഷ ഏറ്റുവാങ്ങുകയാണ് രീതി. ഭാഗ്യത്തിന് സുപ്രിംകോടതി ആ അവസ്ഥയില്‍ നിന്ന് തിരികെപോയി. ഹാദിയയെ കേള്‍ക്കാന്‍ സമ്മതിച്ചതോടെ ഖാപ് പഞ്ചായത്തിന്റെ നിലവാരത്തിലേക്ക് സുപ്രിംകോടതി പോയില്ല- ബൃന്ദ എഴുതി.

തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഹാദിയയെ കേള്‍ക്കുന്നത് നീട്ടുക്കൊണ്ടുപോവാനായി ഷെഫിനെതിരായ രേഖകള്‍ ആദ്യം പരിശോധിക്കണമെന്ന് എന്‍.ഐ.എയുടെയും അശോകന്റെയും അഭിഭാഷകര്‍ ശക്തമായി വാദിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹാദിയയെ കേള്‍ക്കുന്നതി നീട്ടിക്കൊണ്ടുപോയേക്കുമെന്ന സൂചന ഉണ്ടാവുന്നതിനിടെയാണ്, എന്‍.ഐ.എയുടെ ആവശ്യത്തെ വി ഗിരിയും പിന്തുണച്ചത്. വി ഗിരിയുടെ നിലപാട് സര്‍ക്കാര്‍ വൃത്തങ്ങളില്‍ ചര്‍ച്ചയാവുകയും അദ്ദേഹത്തിന്റെ ഇടപെടല്‍ വിമര്‍ശിക്കപ്പെടുകയുംചെയ്തതിനു പിന്നാലെയാണ് നടപടിയെ ശക്തമായി വിമര്‍ശിച്ചുള്ള വൃന്ദയുടെ ലേഖനം.

അടുത്തിടെ കേരളം സന്ദര്‍ശിച്ചപ്പോഴും ഹാദിയക്ക് അനുകൂലമായി വൃന്ദാകാരാട്ട് നിലപാടെടുത്തിരുന്നു. ഹാദിയക്ക് മൗലികാവകാശങ്ങളുണ്ടെന്നും ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളില്‍ നടപ്പാക്കകുന്ന പ്രാകൃതശിക്ഷയാണ് അവള്‍ക്കു നല്‍കിയിരിക്കുന്നതെന്നും ബൃന്ദ അഭിപ്രായപ്പെട്ടിരുന്നു.



Sharing is Caring