പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥ ഹിന്ദുവല്ല: കപില്‍ സിബല്‍


രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥ ഹിന്ദുവല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.


”നരേന്ദ്ര മോദി ഒരു യഥാര്‍ഥ ഹിന്ദുവല്ല. ഇവര്‍ (ബി.ജെ.പി) ഹിന്ദു മതത്തെ മറക്കുകയും പകരം ‘ഹിന്ദുത്വ’ത്തെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്”- കപില്‍ സിബല്‍ പറഞ്ഞു.


”നോട്ട് നിരോധനത്തെപ്പറ്റിയോ ജി.എസ്.ടിയെപ്പറ്റിയോ ബി.ജെ.പി ഗുജറാത്തില്‍ സംസാരിക്കുന്നില്ല. രാഷ്ട്രീയം അധ:പതിച്ചുവെന്നതിന് ഉദാഹരണമാണിത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വികസനവുമായി ബന്ധപ്പെട്ട ഒന്നും ഉയരുന്നില്ലെന്നതും കാണേണ്ടതാണ്”- കപില്‍ സിബല്‍ പറഞ്ഞു.

ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിനെയാണ് ബി.ജെ.പി വിവാദമാക്കി ഉയര്‍ത്തിയത്. രാഹുല്‍ ഹിന്ദുവല്ലെന്നും അഹിന്ദുക്കളുടെ പേര് രേഖപ്പെടുത്തുന്ന പട്ടികയിലാണ് ഒപ്പിട്ടതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും അഹിന്ദുക്കള്‍ക്കും പ്രത്യേകം പ്രത്യേകം രജിസ്റ്റര്‍ പട്ടികയുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

എന്നാല്‍, ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും ഒറ്റ രജിസ്റ്റര്‍ പട്ടിക മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ മറുപടി നല്‍കി. മറ്റു രീതിയിലുള്ള ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ട്വീറ്റില്‍ പറയുന്നു.



Sharing is Caring