ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത പുണ്യത്തിന്റെ നിര്‍വൃതിയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനത്തിന് പോയ ഹാജിമാര്‍ ഇന്ന് മുതല്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും. മദീന വിമാനത്താവളത്തില്‍ നിന്ന് എസ്.വി 5346 നമ്പര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിച്ച 300 പേരടങ്ങുന്ന ഹാജിമാരുടെ ആദ്യ സംഘമാണ് ഇന്ന് പുലര്‍ച്ചെ 5.45 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുക.
യാത്ര തിരിച്ച അതേ ക്രമത്തില്‍ തന്നെയാണ് ഹാജിമാരുടെ മടക്കവും. ഓഗസ്റ്റ് 13 ന് യാത്ര തിരിച്ച ആദ്യ വിമാനത്തില്‍ പുറപ്പെട്ടവരാണ് ഇന്ന് മടങ്ങിയെത്തുക. ഹാജിമാരെ സ്വീകരിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും,സിയാലിന്റെയും നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
എമിഗ്രേഷന്‍,കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഹാജിമാരെ ലഗേജുകള്‍ അടക്കം വളണ്ടിയര്‍മാര്‍ ടി 3 ക്ക് പുറത്ത് വടക്ക് ഭാഗത്തുള്ള 19,20 നമ്പര്‍ പില്ലറുകള്‍ക്കിടയില്‍ സജ്ജമാക്കിയിട്ടുള്ള ഹജ്ജ് ഹെല്‍പ് ഡെസ്‌കില്‍ എത്തിക്കും. ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നുമാണ് ബന്ധുക്കള്‍ ഹാജിമാരെ സ്വീകരിക്കുന്നത്.
ഹാജിമാരുടെ മടക്കയാത്ര സംബന്ധിച്ച് ക്രമീകരണങ്ങള്‍ക്കായി ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ വിമാനത്താവളത്തില്‍ ആരംഭിച്ചു. ഹാജിമാരുടെ സേവനത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും ടെര്‍മിനലില്‍ ക്രമീകരിച്ചിട്ടുണ്ട്.












