ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി കംപ്യൂട്ടര്‍ വിദഗ്ധന്‍ എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005ല്‍ തന്നെ അമേരിക്കയ്ക്ക് ലഭിച്ചെന്നും ഇവ ദി ഇന്റര്‍സെപ്റ്റ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നുമാണ് സ്നോഡന്റെ അവകാശവാദം. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്‌എ) നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേര്‍ഡ് സ്നോഡന്‍ റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ്. ഇതിനിടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത്.
അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങളെ വഹിക്കാന്‍ കഴിവുള്ള ബാലിസ്റ്റിക് മിസൈലാണ് കെ-15 സാഗരിക. 700കി.മീറ്റര്‍ ദൂരത്തേക്ക് പ്രഹരണശേഷിയുള്ളതാണ്. 1990ല്‍ തുടങ്ങിയ പദ്ധതിയാണിത്. 2012 മാര്‍ച്ചില്‍ നടത്തിയ പരീക്ഷണം വിജയമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞു, മാര്‍ച്ച് 11 നു നടത്തിയ പൂര്‍ണ്ണ രൂപത്തിലുള്ള പരീക്ഷണം പരാജയവും. കാലാവസ്ഥയിലെ അനിശ്ചിതാവസ്ഥയായിരുന്നു, പരാജയ കാരണം. പിന്നീട് 2012 ഡിസംബര്‍ 28ന് നടത്തിയ പതിനൊന്നമത് പരീക്ഷണം വിജയമായിരുന്നു. 12മത്തേതും അവസാനത്തേതുമായ പരീക്ഷണം 27 ജനുവരി 2013ന് നടന്നു,ഇതോടെ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ വെള്ളത്തിനടിയില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു.

പ്രിഥ്വി മിസൈലുകളുടെ പരിഷ്കരിച്ച് വികസിപ്പിച്ചതാണ് ധനുഷ്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകളിലൊന്നാണ് ധനുഷ്. ഡിഫെന്‍സ് റിസെര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്. 500 മുതല്‍ 1000 കിലോഗ്രാം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎ യുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന ഒരു കമ്ബ്യൂട്ടര്‍ വിദഗ്ദ്ധനാണ് എഡ്വേര്‍ഡ് ജോസഫ് സ്നോഡെന്‍. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, പാല്‍ടോക്ക്, സെ്കെപ്പ്, യു.ട്യൂബ്, എ.ഒ.എല്‍., ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്ദിനപ്പത്രങ്ങള്‍ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു.













