ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്‌എസ് നേതൃത്വം; കെഎസ്‌ആര്‍ടിസി പതിവു പോലെ സര്‍വീസ് നടത്തും

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവല്‍സലന്‍ തുടങ്ങിയവര്‍ പറഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്‌എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു. ശബരിമലയുടെ പേരില്‍ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗം അറിയിച്ചു.

അതേസമയം സംഘടനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു പതിവു പോലെ സര്‍വീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു. എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. കെഎസ്‌ആര്‍ടിസി പതിവു പോലെ സര്‍വീസ് നടത്തുമെന്നു കോട്ടയം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സോണിന്റെ ട്രാഫിക് ഓഫിസര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *