ഹര്‍ഡില്‍ ചാടിക്കടന്ന് അപര്‍ണ

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡ് തിളക്കത്തില്‍ മിന്നിത്തിളങ്ങി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസിലെ അപര്‍ണ റോയ്. 14.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അപര്‍ണ 2013ല്‍ കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റ്യന്‍ കുറിച്ച 14.93 സെക്കന്‍ഡ് തിരുത്തിയതിനൊപ്പം ദേശീയ റെക്കോഡിനെ മറികടന്നു.

പുരുഷതാരങ്ങളെ വെല്ലുന്ന പ്രകടനമാണ് അപര്‍ണയില്‍നിന്നുണ്ടായത്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഒന്നാമനായ സഹദ് 14.88 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ജൂനിയര്‍ വിഭാഗം ദേശീയ റെക്കോഡിനുടമയായ അപര്‍ണ (14.49 സെ) സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ നാലാം സ്വര്‍ണമാണ് സ്വന്തമാക്കുന്നത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് തവണ സ്വര്‍ണം നേടിയ ഇവര്‍, ജൂനിയര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ ഈയിനത്തില്‍ പൊന്നണിയുന്നത്. നേരത്തെ ലോങ്ജമ്പിലും 100 മീറ്റര്‍ ഓട്ടത്തിലും വെള്ളി നേടിയിരുന്നു. പെണ്‍കുട്ടികളുടെ റിലേയില്‍ സ്വര്‍ണം നേടിയ കോഴിക്കോട് ടീമിലും അപര്‍ണ അംഗമായിരുന്നു.

സീനിയര്‍ ആണ്‍ വിഭാഗത്തില്‍ ഒന്നാമനായ സഹദ് ഐഡിയല്‍ കടകശേരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സീനിയര്‍ മത്സരത്തിലെ രണ്ട് പ്രധാന താരങ്ങളായ എറണാകുളത്തിന്റെ ഓംകാര്‍ നാഥും ഇടുക്കിയുടെ സച്ചിന്‍ ബിനുവും പാതി വഴിയില്‍ ഹര്‍ഡില്‍തട്ടി വീണതോടെയാണ് സഹദിന് സ്വര്‍ണ നേട്ടം എളുപ്പമായത്. കോതമംഗലം സെന്റ് ജോര്‍ജ് താരം പി.എ. ഡാര്‍വിന്‍ ജോസഫ വെള്ളി നേടി.

സീനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയം ഭരണങ്ങാനം സെന്റ് മേരി ജിഎച്ച്എസ്എസിലെ അഞ്ജതോമസ് 15.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. പാലക്കാട് മുണ്ടൂര്‍ എച്ച്എസ് താരമായ കെ. വിന്‍സിക്ക് (15.46) വെള്ളി.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ മുഹമ്മദ് ലസാന്‍ ജൂനിയര്‍ വിഭാഗത്തി പൊന്നണിഞ്ഞു. ലസാന്‍ 13.73 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് മീറ്റില്‍ സബ് ജൂനിയര്‍ 80 മീ. ഹര്‍ഡില്‍സില്‍ സ്വര്‍ണജേതാവാണ് ലസാന്‍.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാര്‍ബേസില്‍ താരം വാരിഷ് ബോഗിമയൂമും (11.44 സെ) പെണ്‍കുട്ടികളില്‍ കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് താരം ജോസ്‌ന ജോസഫും (13.20സെ) സ്വര്‍ണത്തിന് അവകാശികള്‍. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ അജിനി അശോകനും ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ കെ. സൂര്യജിത്തും ഒന്നാമത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *