അലപ്പോയുടെ മിക്ക പ്രദേശങ്ങളും തിരിച്ചുപിടിച്ചതായി സിറിയന്‍ സേന


അലപ്പോയുടെ 60 ശതമാനം പ്രദേശങ്ങളും വിമതരില്‍ നിന്നും തിരിച്ചു പിടിച്ചതായി സിറിയന്‍ സേനയുടെ അവകാശവാദം. ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ താരിഖ് അല്‍ ബാബ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സിറിയന്‍ സൈന്യം അറിയിച്ചു.


വിമത സ്വാധീന കേന്ദ്രമായ അലപ്പോയില്‍ കഴിഞ്ഞ ഒരു മാസമായി റഷ്യന്‍ പിന്തുണയോടെ ശക്തമായ ആക്രമണമാണ് സിറിയന്‍ സൈന്യം നടത്തുന്നത്. അലപ്പോയുടെ പകുതിയിലധികം പ്രദേശങ്ങളും വിമതരില്‍ നിന്ന് ഇതിനോടകം തിരിച്ചുപിടിച്ചതായി സൈന്യം അറിയിച്ചു. ശക്തമായ പോരാട്ടത്തിനൊടുവില്‍ താരിഖ് അല്‍ബാബും കൂടി വിമതരില്‍ നിന്ന് തിരിച്ചെടുത്തു.


കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മുന്നേറ്റമാണ് മേഖലയില്‍ നടത്തുന്നതെന്നും സൈന്യം അറിയിച്ചു. ഒരു മാസത്തിനിടെ 300 പേര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

യുദ്ധം രൂക്ഷമായതോടെ കടുത്ത പ്രതിസന്ധിയിലാണ് അലപ്പോയിലെ ജനങ്ങള്‍. സന്നദ്ധ സംഘടനകള്‍ക്കൊന്നും മേഖലയിലേക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പോലും എത്തിക്കാനാകുന്നില്ല. മേഖലയില്‍ നിന്നുള്ള ജനങ്ങളുടെ പാലായനം തുടരുകയാണ്. 2012ലാണ് അലപ്പോയുടെ പൂര്‍ണ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തത്.



Sharing is Caring