സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
വധശിക്ഷ റദ്ദാക്കിയ കോടതി പ്രതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല സി. പന്ത്, യു.യു. ലളിത് എന്നിവരടങ്ങിയ മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീം കോടതി വിധി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സൗമ്യയെ പ്രതി ബലാത്സംഗം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ബലാത്സംഗം, മോഷണം, മോഷണശ്രമത്തിനിടെ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സുപ്രീം കോടതി പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ലഭിക്കുന്ന പരാമാവധി ശിക്ഷയായ ഏഴ് വര്‍ഷം തടവ് കോടതി വിധിക്കുകയും ചെയ്തു.
കേസില്‍ പ്രോസിക്യൂഷന് സമ്പൂര്‍ണ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിചാരണ കോടതി വിധി ഹൈക്കോടതിയും ശരിവച്ചതോടെയാണ് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയില്‍ കേസിലെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവകരമായ അനാസ്ഥ കാട്ടിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കേസ് വാദിക്കാന്‍ അറിയില്ലാത്ത അഭിഭാഷകനെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയോഗിച്ചതെന്ന് സൗമ്യയുടെ അമ്മ സുമതിയും ആരോപിച്ചിരുന്നു.
കേസ് ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ സുപ്രീം കോടതി പ്രോസിക്യൂഷനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഗോവിന്ദച്ചാമി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് തെളിയിക്കുന്ന എന്തുരേഖയാണ് നിങ്ങളുടെ കൈകളിലുള്ളതെന്ന ചോദ്യത്തിന് പോലും പ്രോസിക്യൂഷന് മറുപടി ഉണ്ടായിരുന്നില്ല. കോടതിയുടെ പരമാര്‍ശങ്ങള്‍ വന്നപ്പോള്‍ തന്നെ നിയമവിദഗ്ധര്‍ കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.













