സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങി; പനിയടക്കമുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ തേടാം

സൌദി അറേബ്യയില്‍ പനിയടക്കമുള്ള പ്രധാന‌ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായുള്ളവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. 31 ക്ലിനിക്കുകളാണ് രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാന നഗരങ്ങളില്‍ തുടങ്ങിയത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ക്ലിനിക്കുകള്‍. തതമന്‍ എന്ന പേരിലറിയപ്പെടുന്ന ക്ലിനിക്കുകള്‍ റിയാദ്, ജിദ്ദ, മക്ക, മദീന, അല്‍ഹസ, അല്‍‌ ഖസീം എന്നിവിടങ്ങളിലാണ് തുറന്നിരിക്കുന്നത്. ബാക്കിയുള്ള ഇടങ്ങളിലേക്കും ക്ലിനിക്കുകള്‍ വരും ദിനങ്ങളില്‍ വ്യാപിപ്പിക്കും.

പനിയടക്കമുള്ള പ്രധാന ലക്ഷണങ്ങളുള്ളവര്‍ക്കേ ആദ്യ ഘട്ടത്തില്‍ പ്രവേശനം നല്‍കുന്നുള്ളൂ. ഇവര്‍ക്ക് കോവിഡ് ടെസ്റ്റുകളും ആവശ്യമായ ആരോഗ്യ നിര്‍ദേശങ്ങളും നല്‍കും. നിലവില്‍, ഗുരുതര പ്രയാസങ്ങളുള്ളവരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനിയടക്കമുള്ള കോവിഡിന്‍റെ സാധാരണ ലക്ഷണങ്ങള്‍ ഉള്ളവരോട്, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി താമസ സ്ഥലത്ത് തുടരാനാണ് നിര്‍ദേശിക്കുന്നത്. സൌദിയില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ വാഹനത്തിലിരുന്നുള്ള കോവിഡ് ടെസ്റ്റുകളും വ്യാപകമാക്കിയിട്ടുണ്ട്. 24 മണിക്കൂറില്‍ കാല്‍ ലക്ഷത്തോളം ടെസ്റ്റുകളാണ് ഇപ്പോള്‍ നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *