സൗദിയില്‍ സമാന്തര നിതാഖാത് അടുത്തമാസം പ്രാബല്യത്തില്‍

സൗദി അറേബ്യയില്‍ സ്വദേശിവത്കരണ പദ്ധതിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഇളവ് ലഭിക്കുന്നതിന് പ്രഖ്യാപിച്ച സമാന്തര നിതാഖാത് അടുത്തമാസം മൂന്നിന് നിലവില്‍വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ ഓരോ വിദേശ തൊഴിലാളിക്കും പ്രത്യേകം ലെവി അടയ്ക്കുന്ന പദ്ധതിയാണ് സമാന്തര നിതാഖാത്.

സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത് പ്രകാരം ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതിന് നിശ്ചിതശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം സ്വദേശികളെ നിയമിച്ചില്ലെങ്കില്‍ താഴ്ന്ന കാറ്റഗറിയിലേക്ക് സ്ഥാപനങ്ങള്‍ മാറും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ഗ്രീന്‍ കാറ്റഗറിയില്‍ തുടരുന്നതിന് ആവശ്യമായ സ്വദേശികളുടെ എണ്ണത്തിനനുസരിച്ച്‌ ലെവി ഈടാക്കുന്നതാണ് സമാന്തര നിതാഖാത് പദ്ധതി.
ഇതുവഴി സമാഹരിക്കുന്ന ലെവി സ്വദേശികള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നതിന് പ്രയോജനപ്പെടുത്തുമെന്നും മന്ത്രാലയം വിശദീകരിച്ചു. ആറുമാസത്തെ ലെവി മുന്‍കൂര്‍ അടയ്ക്കുന്ന സ്ഥാപനങ്ങളെയാണ് നിതാഖാത് പ്രകാരം ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. മാസം ലെവി അടയ്ക്കുന്ന സ്ഥാപനങ്ങളെ ആറുമാസത്തിനുശേഷമാകും ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക.

പ്രാദേശികതൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി സ്വദേശികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കും. ഇതിനുപുറമേ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പ്രാപ്തരാക്കുന്നതിനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമം. 2030 ആകുന്നതോടെ സൗദിയിലെ തൊഴിലില്ലായ്മനിരക്ക് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *