നയാഗ്ര വെള്ളച്ചാട്ടം 15-ന് ത്രിവര്‍ണമണിയും; പിന്നില്‍ മലയാളി

അമേരിക്കയിലെ നയാഗ്ര െവള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയും. 15-ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷന്‍ ടവറിലെ ലൈറ്റുകളില്‍നിന്നാണ് പ്രകാശം പകരുന്നത്. ഇന്ത്യന്‍ സമയം ഓഗസ്റ്റ് 16-ന് രാവിലെ ഏഴരമുതലായിരിക്കും ഇത്.

ബഫലോ സര്‍വകലാശാലയിലെ അഡ്മിസ്ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായര്‍ മുന്‍കൈയെടുത്താണ് ഇത് സാധ്യമാക്കുന്നത്. ആഗോളതലത്തിലെ വിശിഷ്ടാവസരങ്ങളില്‍ നയാഗ്ര പാര്‍ക്ക് കമ്മിഷന്‍ വെള്ളച്ചാട്ടത്തിന് നിറംപകരാറുണ്ട്. പാര്‍ക്കിന്റെ ധനസമാഹരണത്തിനായും ഇങ്ങനെ ചെയ്യാറുണ്ട്.

അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടം. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ആശയം ഉയര്‍ന്നുവന്നത്. സ്വാതന്ത്ര്യത്തിന്റെ സപ്തതി അവിസ്മരണീയമാക്കണമെന്ന്് നയാഗ്ര പാര്‍ക്ക് കമ്മിഷനോട് അഭ്യര്‍ഥിച്ചപ്പോള്‍ മറുപടി ആവേശകരമായിരുന്നെന്ന് സിബു പറഞ്ഞു. എണ്ണൂറ് കുടുംബങ്ങളുള്ള ബഫലോ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റാണ് സിബു. കൊല്ലം ശൂരനാട് മേലേവീട്ടില്‍ ശിവശങ്കരപ്പിള്ളയുടെ മകനായ സിബു കുടുംബസമേതം 13 വര്‍ഷമായി ന്യൂയോര്‍ക്കിലാണ്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

ഓഗസ്റ്റ് 15 പ്രവൃത്തിദിനമായതിനാല്‍ ഈ പ്രദേശത്തുള്ള ഇന്ത്യക്കാര്‍ക്കായി ശനിയാഴ്ച വൈകീട്ട്് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. 12-ന് വൈകീട്ട് അമേരിക്ക-കാനഡ അതിര്‍ത്തിയിലെ സമാധാനപാലത്തിലും ത്രിവര്‍ണമണിയിക്കും.

2014-ല്‍ രാജ്മായ് എന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ നേതൃത്വത്തിലും നയാഗ്രയ്ക്ക് ത്രിവര്‍ണശോഭ നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *