സ്‌കൂള്‍ വാന്‍ മറിഞ്ഞ് കുട്ടികളും ആയയും അടക്കം മൂന്ന് മരണം


കൊച്ചി: പ്ലേ സ്‌കൂളില്‍നിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേക്കു മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന ആറു കുട്ടികളും രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരു കുട്ടി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ മരട് കാട്ടിത്തറ റോഡിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.


മരട് വിക്രം സാരാഭായ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌സ് വേള്‍ഡ് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടക്കുമ്ബോള്‍ ഡ്രൈവറും ആയയും എട്ടു കുട്ടികളുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കാട്ടിത്തറ റോഡിലെ വളവില്‍ വെച്ച്‌ എതിരേവന്ന സൈക്കിളിനു സൈഡ് കൊടുക്കമ്ബോള്‍ സംരക്ഷണഭിത്തിയില്ലാത്ത ഇല്ലത്തുപറമ്ബില്‍ കുളത്തിലേക്കു വാഹനം മറിയുകയായിരുന്നു. വാഹനം വീഴുന്ന ശബ്ദവും കട്ടികളുടെ കൂട്ടക്കരച്ചിലും കേട്ട് ഓടിയെത്തിയ സമീപവാസികളാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുളത്തിലേക്കു താഴ്ന്നുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ക്കൊപ്പം ഡ്രൈവര്‍ അനില്‍ കുമാറും (ബാബു-40) ഉണ്ടായിരുന്നു, പിന്നീടു കുഴഞ്ഞുവീണ ഇദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം വടംകെട്ടി നിര്‍ത്തിയശേഷമാണ് ആയ ലതയേയും ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളെ പുറത്തെടുക്കാനായത്. വാഹനത്തിനുള്ളില്‍ ചെളിവെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൂവരും. ഇവരെ ഉടന്‍ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


മരടില്‍ വാടകയ്ക്കു താമസിക്കുന്ന ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയത്തില്‍ ശ്രീജിത്ത് എസ്. നായരുടെ മകന്‍ ആദിത്യന്‍ (4), മരട് ആയത്രപ്പറമ്ബില്‍ വാടകയ്ക്കു താമസിക്കുന്ന കാക്കനാട് വാഴക്കാല ഐശ്വര്യയില്‍ സനലിന്റെ മകള്‍ വിദ്യാലക്ഷ്മി (4), സ്‌കൂളിലെ ആയ മരട് വിക്രംസാരാഭായ് റോഡ് കൊച്ചിറപ്പാടത്ത് ഉണ്ണിയുടെ ഭാര്യ ലത (45) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ക്യാരോള്‍ (5) ആണു വെന്റിതലേറ്ററിലുള്ളത്. എറണാകുളം കാസിനോ ഹോട്ടലില്‍ ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറാണ് ആദിത്യന്റെ അച്ഛന്‍ ശ്രീജിത്ത്. സംസ്‌കാരം ശ്രീജിത്തിന്റെ കുടുംബവീടായ ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയത്തില്‍ ഇന്നു നടക്കും. ശ്രീജിത്ത്-പ്രിയ ദമ്ബതികളുടെ ഏക മകനാണ് ആദിത്യന്‍.

സനല്‍-സ്മിഷ ദന്പതികള്‍ക്ക് ആറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടിയാണ് വിദ്യാലക്ഷ്മി, സംസ്‌കാരം ഇന്ന് 11ന് ശാന്തിവനം ശ്മശാനത്തില്‍. ആദിത്യന്റെ ഏക മകനാണ്. അമ്മ: പ്രിയ. ലതയുടെ സംസ്‌കാരം ഇന്നു 12ന് മരട് ശാന്തിവനം ശ്മശാനത്തില്‍ നടക്കും. ഇരട്ടക്കുട്ടികളായ ഐശ്വര്യ, ലക്ഷ്മി എന്നിവര്‍ മക്കളാണ്.

രക്ഷപ്പെട്ട മിലോണ്‍, മിത്രവൃന്ദ, ധനഷ്, അനിക, പ്രതീഷ് എന്നിവരെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കളക്ടറുടെ നിര്‍ദേശപ്രകാരം പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി ബന്ധുക്കള്‍ക്കു കൈമാറി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മരടിലെ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.



Sharing is Caring