കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയായ സന്ദീപിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം കടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തി. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച മൈക്രോവേവ് അവന്‍, വാതില്‍പ്പൂട്ട്, കാര്‍ഗോ കവര്‍, കാര്‍ട്ടണുകള്‍ തുടങ്ങിയ സാധനങ്ങളാണു കണ്ടെത്തിയത്. ഇയാളുടെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത്.
അതേസമയം, പിടിയിലായ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് കമ്മിഷണറേറ്റ് ഓഫിസില്‍ വച്ച് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ വെള്ളിയാഴ്ച വൈകിട്ടു തന്നെ സരിത് പറഞ്ഞിരുന്നു. കേസിലെ പ്രതികള്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും സരിത് മൊഴി നല്‍കിയിരുന്നു.

അതേ സമയം, കേസ് അന്വേഷണത്തില്‍ പോലീസും സഹായിക്കേണ്ടതുണ്ടെന്ന് കാണിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഡിജിപിക്കു കത്തു നല്‍കി. അന്വേഷണത്തില്‍ സഹകരിക്കാന്‍ മറ്റ് ഏജന്‍സികള്‍ക്കു നിയമപ്രകാരം ബാധ്യതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണു കത്തു നല്‍കിയതെന്നും കമ്മിഷണര്‍ അറിയിച്ചു. കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി കമ്മിഷണര്‍ വിജയ് സാഖറെ അറിയിച്ചു.













