വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രധാന കണ്ണിയെന്ന് കസ്റ്റംസ്


മലപ്പുറം:തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.മലപ്പുറം സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു.


പിടിയിലായത് പ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതുവരെ നടന്നതില്‍വച്ചുള്ള ഏറ്റവും നിര്‍ണായകമായ അറസ്റ്റാണിതെന്നാണ് സൂചന. എന്നാല്‍ ഇയാളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെകൂടി കസ്റ്റംസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.


അതേസമയം, ഇന്നലെ എന്‍.ഐ.എയുടെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവിലുള്ള ഇരുവരെയും ഇന്ന് കേരളത്തിലെത്തിക്കും. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.



Sharing is Caring